തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ ജംബോ പട്ടികയിലെ അതൃപ്തി തുറന്നുപറഞ്ഞ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ള രാമചന്ദ്രന്‍. ആള്‍ക്കൂട്ടമല്ല കെപിസിസിയെ നയിക്കേണ്ടത്. ശക്തമായ നേതൃത്വമാണ് വരേണ്ടത്. ജനപ്രതിനിധികള്‍ ഭാരവാഹികളാകേണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും മുല്ലപ്പള്ളി പത്രസമ്മേളനത്തില്‍ പറഞ്ഞു.
കെപിസിസി ഭാരവാഹികളായി ഇരു ഗ്രൂപ്പുകളും വലിയ പട്ടികതന്നെ കൈമാറിയ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ജനപ്രതിനിധികള്‍ ഭാരവാഹികള്‍ ആകേണ്ട എന്നാണ് അഭിപ്രായം. എംപിമാരും എംഎല്‍എമാരും മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍തന്നെ സമയം തികയാതിരിക്കെ പാര്‍ട്ടി ഏല്‍പിക്കുന്ന ചുമതലകള്‍ എങ്ങനെ നിര്‍വഹിക്കാനാകും എന്ന് മുല്ലപ്പള്ളി ചോദിച്ചു.
ഏറ്റവും ശക്തമായ, കാര്യക്ഷമമായി പാര്‍ട്ടിയെ മുന്നോട്ടുനയിക്കാന്‍ സാധിക്കുന്ന നേതൃത്വമാണ് കെപിസിസിക്ക് ആവശ്യം. തനിക്കു ലഭിച്ച ലിസ്റ്റില്‍ ഓരോ ഭാരവാഹിയെയും സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തി നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. എന്തായിരിക്കണം കമ്മിറ്റിയുടെ ഘടന എന്നതിനെക്കുറിച്ചും താന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
പല നേതാക്കള്‍ക്കും പല താല്‍പര്യങ്ങളുണ്ടാകും. എന്നാല്‍ ശക്തമായ നേതൃത്വം വരാനുള്ള താല്‍പര്യമാണ് താന്‍ നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ സോണിയ ഗാന്ധിയുമായി നേരിട്ട് ആശയവിനിമയം നടത്തിയിട്ടുണ്ട്. വൈകാതെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Content Highlights: kpcc reorganization; mullappally ramachandran reacts on jumbo committee list