തിരുവനന്തപുരം: അഴിമതിക്കെതിരെ ഒരു വോട്ട് എന്നായിരിക്കും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രചാരണ മുദ്രാവാക്യമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുകയാണ്. മതനിരപേക്ഷ തത്വങ്ങള്‍ മോദി സര്‍ക്കാര്‍ ലംഘിക്കുന്നു. തിരഞ്ഞെടുപ്പില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് നിര്‍ത്തും. യുവജനങ്ങള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും പ്രതിനിധ്യം നല്‍കും. എന്നാല്‍, സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കില്ല. വിമതരെ പ്രോത്സാഹിപ്പിക്കില്ല. തിരഞ്ഞെടുപ്പ് പ്രകടന പത്രിക ഉടന്‍ പുറത്തിക്കും.
ഘടകക്ഷികളുമായി മാത്രമേ സീറ്റ് ധാരണ ഉണ്ടാകൂവെന്നും മറ്റാരുമായും ധാരണയില്ല.തിരഞ്ഞെടുപ്പില്‍ ആരെങ്കിലും പിന്തുണക്കുകയോ സഹായിക്കുകയോ ചെയ്യുന്നത് എങ്ങനെ തടയാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അര്‍ഹമായ തുക ഈ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യപ്പെടേണ്ട സക്കാര്‍ പദ്ധതികളില്‍ വന്‍തട്ടിപ്പും വെട്ടിപ്പുമാണ്. സര്‍ക്കാരിന്റെ കോവിഡ് പോരാട്ടം വന്‍ പരാജയമാണെന്നും വികസനം ഇടതിന്റെ അജണ്ടയേയല്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു. ഇത്തവണ യു.ഡി.എഫ് ചരിത്രവിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: KPCC president Mullappally Ramachandran's press meet after the politicl affairs committee meeting