ഇ.ഐ.എ. നോട്ടിഫിക്കേഷന്‍ കേന്ദ്രസര്‍ക്കാര്‍ എത്രയും വേഗം പിന്‍വലിക്കണമെന്ന് മുല്ലപ്പള്ളി


പരിസ്ഥിതി ചൂഷണത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം മത്സരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതേ പാതയിലാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും മുന്നോട്ട് പോകുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

-

തിരുവനന്തപുരം: അത്യന്തം ആപല്‍ക്കരമായ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനം (ഇ.ഐ.എ. നോട്ടിഫിക്കേഷന്‍ 2020) എത്രയും വേഗം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കേരള സര്‍ക്കാര്‍ ഇപ്പോഴും തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രകൃതിദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്ന ഈ സമയത്ത് കേന്ദ്ര സര്‍ക്കാരിന്റെ കരട് വിജ്ഞാപനം പരിസ്ഥിതി നിയമങ്ങളെവെല്ലുവിളിക്കുന്നതാണെന്നും പരിസ്ഥിതിയെ പൂര്‍ണ്ണമായും തകര്‍ക്കുന്ന ഭയാനകമായ തീരുമാനമാണിതെന്നും ആഗോള മുതലാളിത്ത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി നിലക്കൊള്ളുന്ന കേന്ദ്ര സര്‍ക്കാരിന് താല്‍ക്കാലികമായ സാമ്പത്തിക നേട്ടം മാത്രമാണ് ലക്ഷ്യമെന്നും കെ.പി.സി.സി. പ്രസിഡന്റ് ആരോപിച്ചു.

സ്ഥാപിത താല്‍പ്പര്യക്കാര്‍ക്ക് പരിസ്ഥിതിയെ ചൂഷണം ചെയ്യാനുള്ള സാധ്യതകള്‍ക്ക് നിയമപരമായി അംഗീകാരം കൊടുക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കരട് വിജ്ഞാപനം. വനമേഖലയിലുള്ള റെയില്‍ - ദേശീയ പാത നിര്‍മ്മാണം, ധാതുമണല്‍ ഖനനം, കല്‍ക്കരി ഖനനം, പാറ ഖനനം, ആണവനിലയങ്ങള്‍, താപനിലയങ്ങള്‍, ജലവൈദ്യുത പദ്ധതികള്‍ തുടങ്ങി നിരവധി പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന പദ്ധതികള്‍ക്ക് കണ്ണടച്ച് അംഗീകാരം നല്‍കുന്നതാണ് ഈ വിജ്ഞാപനം - മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി വേണമെന്ന മാനദണ്ഡം ഒഴിവാക്കപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതത്തിലേക്ക് നയിക്കുമെന്നും മുല്ലപ്പള്ളി ആരോപിച്ചു. 1986-ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഏറ്റവും ശക്തമായ പരിസ്ഥിതി നിയമം ഉണ്ടാക്കിയത്. 1994-ലാണ് ഇ.ഐ.എ. സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശം നല്‍കുന്നത്. ഈ നടപടികളെല്ലാം പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും എന്നാല്‍ മോദി അധികാരത്തിലെത്തിയ ശേഷം ഇതെല്ലാം അട്ടിമറിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

സമീപകാലത്താണ് വിശാഖപട്ടണത്ത് വാതക ചോര്‍ച്ചയും ആസ്സാമില്‍ ഓയില്‍ ഇന്ത്യ ലിമിറ്റഡില്‍ അഗ്നിബാധയും ഉണ്ടായത്. ആയിരങ്ങളുടെ ജീവന്‍ നഷ്ടമായ ഭോപ്പാല്‍ ദുരന്തം മറക്കാനാവില്ല. ലോകരാജ്യങ്ങള്‍ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ എല്ലാ നിയമങ്ങളും പിച്ചിച്ചീന്തി പരിസ്ഥിതിയെ ഏതുവിധേനയും ചൂക്ഷണം ചെയ്യാന്‍ പുതിയ നിയമസാധ്യതകള്‍ തുറന്നിടുന്നത് - മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

പ്രകൃതിവിഭവം ആര്‍ക്കോ വിറ്റു തുലയ്ക്കാനുള്ള ധൃതിയിലാണ് കേന്ദ്ര സര്‍ക്കാരെന്നും ഇതിന്റെ ഭാഗമായാണ് പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാനുള്ള ദിവസം വെട്ടിച്ചുരുക്കിയതെന്നും മുല്ലപ്പള്ളി ആരോപിച്ചു. പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന പദ്ധതികള്‍ക്കെതിരെ ജനങ്ങള്‍ക്ക് പാരതിപ്പെടാനാകില്ലെന്ന തലതിരിഞ്ഞ വ്യവസ്ഥയും വിജ്ഞാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണ് കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രളയങ്ങളും ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങളെന്നും പരിസ്ഥിതി ചൂക്ഷണത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം മത്സരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതേ പാതയിലാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും മുന്നോട്ട് പോകുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

പരിസ്ഥിതിയെ തകര്‍ക്കുന്ന കാര്യത്തില്‍ കേന്ദ്ര- കേരള സര്‍ക്കാരുകള്‍ തുല്യപങ്കാളികളാണ്. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍പ്പോലും ക്വാറികള്‍ക്ക് തുടരെ അനുമതി നല്‍കുകയാണ് കേരള സര്‍ക്കാര്‍. പമ്പാ - ത്രിവേണി മണല്‍ക്കടത്തും കരിമണല്‍ ഖനനവും ഒടുവില്‍ ജൈവവൈവിധ്യങ്ങളെ തകര്‍ക്കുന്ന അതിരപ്പള്ളി പദ്ധതിയ്ക്ക് അനുമതി നല്‍കിയതുമായ നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രകൃതി ദ്രോഹം തുറന്ന് കാട്ടുന്നതാണ് - മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

Content highlight: kpcc president mullappalli ramachandran demands for sudden withdrawal of central govt's eia draft


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented