തിരുവനന്തപുരം: പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം വിന്‍സെന്റിനെതിരെ കെപിസിസി നടപടി. കേസ് തെളിയും വരെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും വിന്‍സെന്റിനെ മാറ്റി നിര്‍ത്തുന്നതായി കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍ മാധ്യമങ്ങളെ അറിയിച്ചു. 

വിന്‍സെന്റ് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ട ആവശ്യമില്ല എന്ന് പറഞ്ഞ ഹസ്സന്‍ ആരോപണത്തിന്റെ പേരില്‍ ഒരാളും ഇതുവരെ എംഎല്‍എ സ്ഥാനം രാജിവച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

വിന്‍സെന്റിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ല. കാരണം, അദ്ദേഹം കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടില്ല. ഇത് വെറും ആരോപണം മാത്രമാണ്. അതുകൊണ്ടുതന്നെ, കുറ്റവിമുക്തനാകുന്നതു വരെ മാത്രം ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ വിന്‍സെന്റിനെ മാറ്റി നിര്‍ത്താനാണ് പാര്‍ട്ടിയുടെ തീരുമാനം- ഹസ്സന്‍ പറഞ്ഞു. 

സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കിലും അവരുടെ ആരോപണം സത്യമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഹസ്സന്‍ പറഞ്ഞു. തിരക്കിട്ടുള്ള വിന്‍സെന്റിന്റെ അറസ്റ്റ് ഗൂഡാലോചനയുടെ ഭാഗമാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും ഹസ്സന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.