കെ സുധാകരൻ, കെ സുരേന്ദ്രൻ | Photo: മാതൃഭൂമി
തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. തന്റെ മനസ്സ് ബി.ജെ.പിക്കൊപ്പം എന്ന കെ. സുരേന്ദ്രന്റെ വിഡ്ഢിത്തം കേട്ടവർ ഇപ്പോഴും ചിരി നിർത്തിക്കാണില്ലെന്ന് സുധാകരൻ പറഞ്ഞു. എ.കെ.ജി. സെന്ററിൽ നിന്ന് തന്നെയാണ് സുരേന്ദ്രനും പ്രസ്താവനകൾ എഴുതി നൽകുന്നത് എന്നതിനുള്ള തെളിവാണ് ഇതെന്നും അദ്ദേഹം വാർത്താ കുറിപ്പിൽ പറഞ്ഞു.
കെ. സുധാകരന്റെ ആര്‍.എസ്.എസ് അനുകൂല നിലപാട് കേരളത്തിലെ കോണ്‍ഗ്രസ്സുകാരുടെ മനസ്സാണ് എന്നായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം. ക്ഷണിക്കാതെ തന്നെ കൂടുതല്‍ കോണ്‍ഗ്രസ്സുകാര്‍ ബി.ജെ.പിയിലേക്കു വരുമെന്നും ബി.ജെ.പിയില്‍ ചേരുകയല്ലാതെ കോണ്‍ഗ്രസ്സുകാര്‍ക്ക് മറ്റു മാര്‍ഗമില്ലെന്നും സുരേന്ദ്രന്‍ ചൊവ്വാഴ്ച കോഴിക്കോട്ട് പറഞ്ഞിരുന്നു.
'കൊടകര കുഴൽപ്പണക്കേസ് ഒതുക്കിത്തീർത്തതിനുള്ള രാഷ്ട്രീയ പാരിതോഷികങ്ങളാണ് ഇത്തരം പ്രസ്താവനകളെന്ന് സമകാലിക കേരള രാഷ്ട്രീയം പഠിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും. എന്റെ മനസ്സ് കേരള ജനതയ്‌ക്കൊപ്പമാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്റെയും പിണറായിയുടെയും സീറ്റുകള്‍ വലിയ തോതില്‍ നഷ്ടപ്പെട്ടു. തൃക്കാക്കരയില്‍ അതിദയനീയമായി രണ്ടുപേരും തോറ്റു. ജോഡോ യാത്രയില്‍ വന്‍ ജനാവലി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഹൃദയം ചേര്‍ന്നു നടന്നു. ഇതിനെയെല്ലാം സി.പി.എമ്മും ബി.ജെ.പിയും ഒരു പോലെ ഭയന്നു. ബി.ജെ.പിയുടെ സംഹാരാത്മക രാഷ്ട്രീയത്തിനെതിരെ ഇന്ത്യന്‍ മനസ്സാക്ഷിയുണര്‍ത്താനുള്ള രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തോല്‍പ്പിക്കാന്‍ പിണറായി - സുരേന്ദ്ര കക്ഷികളുടെ നെട്ടോട്ടം കേരളം കണ്ടതാണ്. ഇതില്‍നിന്നെല്ലാം മുഖം രക്ഷിക്കാന്‍ എന്റെ പ്രസംഗങ്ങളിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്തു രണ്ടുകൂട്ടരും ഒരുമിച്ചു നടത്തുന്ന പന്ത് തട്ടിക്കളിയാണ് കേരളം കാണുന്നത്. കോണ്‍ഗ്രസുകാരെ ബി.ജെ.പിയിലേക്ക് ക്ഷണിക്കുന്ന സുരേന്ദ്രന്റെ വിടുവായിത്തം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു, സുധാകരൻ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
'ഇ.ഡിയോട് പോയി പണി നോക്കാന്‍ പറഞ്ഞ സോണിയയുടെയും രാഹുലിന്റെയും അനുയായികളാണ് ഞങ്ങള്‍, അവരെ കണ്ടാൽ മുട്ട് വിറക്കുന്നവരല്ല. ബി.ജെ.പിയെ സുഖിപ്പിക്കാന്‍ അമിത് ഷായെ ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേരിലുള്ള വള്ളംകളിയ്ക്ക് ഞങ്ങള്‍ ക്ഷണിച്ചിട്ടില്ല. കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രഥമാതിഥിയായി ഇറക്കിയിട്ടില്ല. ഭരണമികവ് പഠിക്കാന്‍ ന്യൂനപക്ഷ വേട്ടയുടെ നാട്ടിലേക്ക് സര്‍ക്കാര്‍ പ്രതിനിധികളെ അയച്ചിട്ടില്ല. ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ നരേന്ദ്രമോദിയ്ക്കുമുന്നില്‍ ശിരസ്സ് കുനിച്ചിട്ടില്ല. ഇതെല്ലാം ചെയ്ത പിണറായിയും സഖാക്കളുമാണ് സംഘി മനസ്സുള്ളവര്‍ എന്ന് കേരളത്തില്‍ ആര്‍ക്കാണറിയാത്തത്'- സുധാകരന്‍ ആരാഞ്ഞു.
സുരേന്ദ്രൻ ആളും തരവും നോക്കി കളിക്കണം. ജീവനുള്ള ഒരു കോൺഗ്രസുകാരനും ബി.ജെ.പിക്കൊപ്പം വരില്ലെന്നും മരിച്ചു കഴിഞ്ഞാലും അയാളുടെ ഓർമ്മകൾ ബി.ജെ.പിക്കെതിരെ ശബ്ദിച്ചു കൊണ്ടിരിക്കുമെന്നും സുധാകരൻ പറഞ്ഞു.
Content Highlights: kpcc president k sudhakaran remarks about controversial statement


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..