കെ.സുധാകരൻ, ജോസഫ് പാംപ്ലാനി (ഫയൽ) |ഫോട്ടോ:മാതൃഭൂമി
കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി. തലശ്ശേരി ബിഷപ്പ് ഹൗസിലെത്തിയാണ് സുധാകരന്‍ പാംപ്ലാനിയെ കണ്ടത്.
ക്രിസ്ത്യന്‍ വിഭാഗങ്ങളെ അടുപ്പിക്കാന്‍ ബി.ജെ.പി. നടത്തുന്ന തീവ്രശ്രമങ്ങളും അതിനോട് ചില സഭാനേതൃത്വങ്ങള്‍ പുലര്‍ത്തുന്ന അനുകൂല പ്രതികരണങ്ങളും പ്രതിരോധിക്കുന്നതിന് നീക്കങ്ങള്‍ നടത്തണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നതിന് പിന്നാലെയാണ് സുധാകരന്റെ ബിഷപ്പ് ഹൗസ് സന്ദര്‍ശനം. വരും ദിവസങ്ങളില്‍ മറ്റു സഭാ അധ്യക്ഷന്‍മാരുമായും സുധാകരന്‍ കൂടിക്കാഴ്ച നടത്തും. ബിജെപി നേതാക്കളുടെ സന്ദര്‍ശനം കൊണ്ട് ഒരു ചുക്കും കിട്ടാന്‍ പോകുന്നില്ലെന്ന് പാംപ്ലാനിയെ സന്ദര്‍ശിച്ച ശേഷം കെ.സുധാകരന്‍ പറഞ്ഞു. യാചകന്‍മാര്‍ വരും, വന്നതുപോലെ പോകും. സഭാ നേതൃത്വങ്ങളുമായുള്ള ബിജെപി നേതാക്കളുടെ കൂടിക്കാഴ്ചയെ അങ്ങനെ കണ്ടാല്‍മതിയെന്നും സുധാകരന്‍ വ്യക്തമാക്കി.
'തലശ്ശേരി ബിഷപ്പുമായുള്ള കൂടിക്കാഴ്ച വളരെ സംതൃപ്തമാണ്. ക്രിസ്ത്യന്‍ മേലധ്യക്ഷന്മാര്‍ക്ക് ആരെ കാണാനും ചര്‍ച്ചനടത്താനും അവകാശമുണ്ട്. അത് ഞങ്ങള്‍ക്ക് യാതൊരു ആശങ്കയുമുണ്ടാക്കുന്നില്ല. ക്രിസ്ത്യന്‍ സമൂഹം കേരളത്തില്‍ എന്നും കോണ്‍ഗ്രസിനോപ്പം നിന്നവരാണ്. ഇന്നുവരെ ക്ര്‌സത്യന്‍ സമൂഹം കോണ്‍ഗ്രസിനെ കൈവിടുന്ന സാഹചര്യമുണ്ടായിട്ടില്ല. വൈദിക സമൂഹത്തോട് ഞങ്ങള്‍ക്ക് ഒരു അവിശ്വാസവുമില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് ഒരു മതേതരത്വ രാഷ്ട്ര കാഴ്ചപ്പാടുള്ളത് എന്ന് തിരിച്ചറിവുള്ളവരാണ് അവര്‍', സുധാകരന്‍ പറഞ്ഞു.
വൈദികരുമായി നിരന്തരം ബന്ധപ്പെടാറുണ്ട്. അതൊന്നും കൊട്ടിഘോഷിക്കാറില്ല. ബിജെപിയുടെ സന്ദര്‍ശനംകൊണ്ട് ഒരു ചുക്കും കിട്ടാനില്ല. വന്നത് പോലെ പോകും. ബിഷപ്പുമായി എത്രയോ കാലമായുള്ള ബന്ധമാണ് തനിക്കുള്ളത്. ബിഷപ്പ് ആകുന്നതിനു മുന്‍പുതന്നെ ഒരു ജ്യേഷ്ടസഹോദരനോടെന്നപോലുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും സുധാകരന്‍ പറഞ്ഞു.
'റബ്ബറിന്റെ വില 300 രൂപയാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതില്‍ തെറ്റില്ല. അത് അവരുടെ അവകാശമാണ്. ഞങ്ങള്‍ പാര്‍ലമെന്റില്‍ പലതവണ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് എന്ത് പരിഹാരമാണ് കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയത്. എത്ര കര്‍ഷകസമരങ്ങള്‍ നടന്നു. എത്രപേര്‍ മരിച്ചു, കടക്കെണിയില്‍പെട്ടു, ജപ്തിചെയ്യപ്പെട്ടു. അതിന് പരിഹാരമുണ്ടാക്കാനാണ് സഭാനേതൃത്വം ശ്രമിച്ചത്. ഇല്ലെങ്കില്‍ അവര്‍ ഒറ്റപ്പെടില്ലേ. ബിജെപിയുടെ ഗൃസന്ദര്‍ശവും കൈനീട്ടം വാങ്ങലുമൊക്കെ നടന്നോട്ടെ. യാചകന്‍മാര്‍ എത്രപേര്‍ വീടുകള്‍ കയറുന്നു. അതുകൊണ്ട് അവരുടെ പാര്‍ട്ടിയില്‍ ചേരുമോ? വാക്കിന് നിലയും വിലയും ഉള്ള ആളാണ് തലശ്ശേരി ബിഷപ്പ്', സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
മുസ്ലിം സമുദായത്തെ സ്വാധീനിക്കുന്നതിനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിട്ടാണ് സിപിഎം വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ക്രിസ്ത്യന്‍ സമുദായം ബിജെപിക്കൊപ്പം പോകുന്നുവെന്ന സിപിഎമ്മിന്റെ പ്രചാരണം മുസ്ലിം സമുദായത്തെ സ്വാധീനിക്കുന്നതിനുവേണ്ടിയാണെന്നും സുധാകരന്‍ പറഞ്ഞു.
ക്രിസ്ത്യന്‍ സഭകളുടെ മനംമാറ്റവുമായി ബന്ധപ്പെട്ടരാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതിയുടെ മുഴുവൻദിന യോഗം വിളിക്കണമെന്ന് മുതിര്‍ന്ന നേതാവ് കെ.സി. ജോസഫ് കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു.
ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷവിഭാഗങ്ങളാണ് പരമ്പരാഗതമായി യു.ഡി.എഫ്. ചേരിയുടെ പിന്‍ബലം. ക്രിസ്ത്യന്‍വിഭാഗങ്ങളെ ഒപ്പംകൂട്ടാന്‍ ബി.ജെ.പി. മുമ്പും പല പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും സഭാനേതൃത്വത്തില്‍നിന്ന് അന്നൊന്നും അനുകൂലമായ നടപടികളുണ്ടായിട്ടില്ല. എന്നാല്‍, ഇപ്രാവശ്യം സ്ഥിതി അതല്ല. സഭാനേതൃത്വംതന്നെ ബി.ജെ.പി.യോട് പുലര്‍ത്തിപ്പോന്ന അകല്‍ച്ച ഒഴിവാക്കി അനുകൂല നിലപാട് പരസ്യമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രതിരോധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
Content Highlights: kpcc president k sudhakaran meet thalassery Archbishop Joseph Pamplany
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..