കെ. സുധാകരൻ | Photo: Mathrubhumi
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. സാധാരണക്കാരനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് ഐടി കമ്പനി കെട്ടിപ്പൊക്കാന്‍ എവിടുന്നാണ് പണം ലഭിച്ചുവെന്നത് ഈ നാട്ടിലെ കമ്യൂണിസ്റ്റുകാര്‍ ആലോചിക്കണമെന്നും സുധാകരന്‍ പറഞ്ഞു.
'നിന്റെ മുഖ്യമന്ത്രി ഉണ്ടാക്കിയ പണം എവിടുന്നാ, ഈ രാജ്യത്തെ വിവരംകെട്ട കമ്യൂണിസ്റ്റുകാരാ ആലോചിക്ക്' സുധാകരന്‍ പറഞ്ഞു. നാണവും മാനവുമില്ലാത്ത മുഖ്യമന്ത്രിയ മാറ്റാന്‍ നട്ടെല്ലുണ്ടെങ്കില്‍ എം വി ഗോവിന്ദന്‍ തയ്യാറാകണം. അഴിമതിക്കാരനല്ലാത്ത പാര്‍ട്ടി സെക്രട്ടറി അഴിമതിക്കാരന് ചൂട്ട് പിടിക്കരുതെന്ന് കെ. സുധാകരന്‍ ആവശ്യപ്പെട്ടു.
'നിരവധി ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്ന ഉന്നയിച്ചിട്ടും ഒരു മാനനഷ്ടക്കേസ് പോലും കൊടുക്കാന്‍ തയ്യാറായിട്ടില്ല. ഗോവിന്ദന്‍ മാഷ് മാനനഷ്ടക്കേസ് കൊടുക്കുമെന്ന് എനിക്കറിയാം. കാരണം അദ്ദേഹം കളങ്കിതനല്ല. സിപിഎമ്മിനകത്ത് അഴിമതിയില്ലാത്ത നേതാവാണ് ഗോവിന്ദന്‍ മാഷ്. ബഹുമാനിക്കുന്നവരെ ബഹുമാനിക്കും. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഗോവിന്ദന്‍ മാഷുടെ നിഴലാവാന്‍ അര്‍ഹതയില്ല' സുധാകരന്‍ പറഞ്ഞു.
ബ്രഹ്മപുരം വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടും നഗരസഭാ കൗണ്‍സില്‍ യോഗത്തിനെത്തിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ പൊലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ചും കോണ്‍ഗ്രസ് നടത്തിയ കോര്‍പ്പറേഷന്‍ ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാല് വര്‍ഷം കൂടെ കൊണ്ട് നടന്ന് വിദേശത്തടക്കം കൊണ്ടുപോയി യോഗങ്ങളിലൊക്കെ സ്വാഗതവും പറയിപ്പിച്ച് ഒരു വനിതയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തനിക്കറിയില്ലെന്ന് പച്ച കള്ളം പറഞ്ഞയാളാണ് മുഖ്യമന്ത്രി.
ഗോവിന്ദന്‍ മാഷോട് തനിക്കുള്ള ഏക അഭിപ്രായ വ്യത്യാസം, ഈ നാണംക്കെട്ട മുഖ്യമന്ത്രി ചുമക്കരുത് എന്നാണ്. നട്ടെല്ലുണ്ടെങ്കില്‍ അദ്ദേഹത്തെ മാറ്റാനുള്ള തീരുമാനം പാര്‍ട്ടിക്കുള്ളിലെടുക്കണം. അഴിമതിക്കാരന്‍ അല്ലാതിരുന്നിട്ടും കാര്യമില്ല. അഴിമതിക്ക് കൂടെ നില്‍ക്കുന്നതും അഴമിതിയാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: KPCC President K. Sudhakaran criticized Chief Minister Pinarayi Vijayan and CPM.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..