കെ. സുധാകരൻ, പിണറായി വിജയൻ | Photo: Mathrubhumi
തിരുവനന്തപുരം: ദുരിതാശ്വാസനിധി കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കണമെന്ന ഹര്‍ജി തള്ളിയ ലോകായുക്തയുടെ ഉത്തരവ് ഉണ്ടവിരുന്നിന് നന്ദി കാട്ടിയതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍.
കേസിന്റെ തുടക്കം മുതല്‍ ഓരോഘട്ടത്തിലും മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ലോകായുക്ത നടത്തിയ അട്ടിമറികള്‍ പ്രകടമാണ്. ഇകെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കേ രാജ്യത്തിനു മാതൃകയായി തുടക്കമിട്ട ലോകായുക്തയുടെ ഉദകക്രിയ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന് അവകാശപ്പെടുന്ന പിണറായി വിജയന്റെ കൈകള്‍കൊണ്ടു തന്നെ ചെയ്തു എന്നതില്‍ പാര്‍ട്ടിക്ക് അഭിമാനിക്കാം. 'ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭച്ചീടും കാരണഭൂതന്‍ പിണറായി' എന്ന ഉശിരന്‍ തിരുവാതിരപ്പാട്ടാണ് ലോകായുക്തയുടെ തിരുമുറ്റത്ത് അലയടിക്കുന്നത്.- കെ. സുധാകരന്‍ പറഞ്ഞു.
മന്ത്രിസഭാ തീരുമാനം എന്ന മുടന്തന്‍ ന്യായം ഉന്നയിച്ച് ദുരിതാശ്വാസനിധിയില്‍ നിന്ന് പണം നല്‍കിയതിലെ അഴിമതിയില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വ്യക്തിപരമായ ഉത്തരവാദിത്വം ഉണ്ടെന്നും കണ്ടെത്തിയാണ് 2019-ല്‍ അന്നത്തെ ലോകായുക്ത കേസെടുത്തത്. ഈ തീരുമാനത്തിനെതിരേ മുഖ്യമന്ത്രിയോ മന്ത്രിമാരോ അപ്പീല്‍പോലും നല്‍കിയില്ല. തുടര്‍ന്ന് 2022-ല്‍ മൂന്നുവര്‍ഷംകൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയെങ്കിലും വിധി പറയാതെ നീട്ടിക്കൊണ്ടു പോയി. ഹൈക്കോടതി ഇടപെട്ടതിനുശേഷം മാത്രമാണ് ഇപ്പോള്‍ ലോകായുക്ത കേസ് വീണ്ടും പരിഗണനയ്ക്ക് എടുത്തത്. അപ്പോഴാണ് ദുരിതാശ്വാസനിധി കേസ് ലോകായുക്തയ്ക്ക് പരിഗണനയ്ക്ക് എടുക്കാമോ എന്ന സന്ദേഹം ഉണ്ടായതും കേസ് ആദ്യം മുതല്‍ വീണ്ടും പരിഗണിക്കാനായി ഫുള്‍ബെഞ്ചിന് വിട്ട് അനന്തമായി നീട്ടാനുള്ള നാടകം കളിച്ചതും.- സുധാകരന്‍ അഭിപ്രായപ്പെട്ടു.
കടിക്കുകയും കുരയ്ക്കുകയുമില്ലാത്ത ഒരു സംവിധാനമായി ലോകായുക്തയെ മാറ്റിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
Content Highlights: kpcc president k sudhakaran against lokayukthas verdict in cms relief fund case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..