ബി.ജെ.പി., ശാഖാസംരക്ഷണം, നെഹ്‌റു...; വിവാദങ്ങളില്‍ കുടുങ്ങുന്ന സുധാകരന്‍


സ്വന്തം ലേഖകന്‍

തനിക്കു തോന്നിയാൽ ബി.ജെ.പിയിൽ പോകുമെന്നതടക്കമുള്ള പരാമർശങ്ങൾ ഒടുവിൽ എത്തിനിൽക്കുന്നത് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരേയാണ്.

കെ സുധാകരൻ | Photo: മാതൃഭൂമി

ടതടവില്ലാതെ വിവാദങ്ങൾ, നാക്കുപിഴയെന്ന് പറഞ്ഞൊഴിയാമെങ്കിലും വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്ന വാക്കുകൾ. കെ.പി.സി.സി. പ്രസിഡന്റ് കെ സുധാകരനെ വിടാതെ പിന്തുടരുന്ന വിവാദങ്ങൾ കോൺഗ്രസിനേയും വെട്ടിലാക്കിയിരിക്കുകയാണ്. മുസ്ലിം ലീഗ് അടക്കമുള്ള സഖ്യകക്ഷികളും പരസ്യമായിത്തന്നെ ഇതിനെതിരെ രംഗത്തെത്തുകയുംചെയ്തു. തനിക്കു തോന്നിയാൽ ബി.ജെ.പിയിൽ പോകുമെന്നതടക്കമുള്ള പരാമർശങ്ങൾ ഒടുവിൽ എത്തിനിൽക്കുന്നത് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരേയാണ്. കോൺഗ്രസ് നേതൃത്വം മൗനം പാലിക്കുമ്പോഴും സഖ്യകക്ഷിയായ മുസ്ലിം ലീഗ് പരസ്യമായിത്തന്നെ രംഗത്തെത്തി എന്നതും ഇതിനോട് ചേർത്ത് വായിക്കപ്പെടേണ്ടിയിരിക്കുന്നു.

നെഹ്റുവിനെതിരേയുള്ള സുധാകരന്റെ പരാമർശത്തിൽ 'ആർ.എസ്.എസ്. ചിന്തയുള്ളവർക്ക് പുറത്തുപോകാം എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്' എന്ന മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ രംഗത്തെത്തിയിരുന്നു. 'ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി പറഞ്ഞത് ആർ.എസ്.എസ്. ചിന്തയുള്ള, മനസ്സ് അങ്ങോട്ടും ഇങ്ങോട്ടും ആടുന്നു എന്ന് തോന്നുവെങ്കിൽ അവർക്ക് പുറത്തേക്ക് പോകാം എന്നാണ്. അതുകൊണ്ട് തന്നെ കോൺഗ്രസിലെ ഓരോ വ്യക്തികളും അവർ സംസാരിക്കുമ്പോൾ അതിന് ഒരേ സ്വരം ഉണ്ടാകണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. അത് എല്ലാ പാർട്ടിക്കും ബാധകമായിട്ടുള്ളതാണ്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ മറുശബ്ദങ്ങളൊന്നും ഉയർന്നില്ല എന്നതും ഏറെ ശ്രദ്ധേയമാണ്.ബിജെപിയിലേക്ക് പോകേണ്ടി വന്നാൽ...

'ബിജെപിയിലേക്ക് പോകേണ്ടി വന്നാൽ പോകും' എന്ന കെ. സുധാകരന്റെ പരാമർശം സംസ്ഥാനത്ത് ഏറെ ചർച്ചയായിരുന്നു. ഒരു അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ബി.ജെ.പി. പരാമർശം. അമിത് ഷായുമായി ചെന്നൈയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയോ എന്ന ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

'ചില ദൂതര്‍ എന്നെ കാണാനെത്തിയിരുന്നു എന്നത് സത്യമാണ്. ചില ബി.ജെ.പി. നേതാക്കള്‍ അമിത് ഷായെ കാണാന്‍ താത്പര്യമുണ്ടോ എന്നു ചോദിച്ചു. ബി.ജെ.പിയുമായി യോജിച്ചു പോകാന്‍ കഴിയുമെന്ന് എനിക്ക് തോന്നിയാല്‍ 'I will go with BJP'. അത് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. അത് എന്‍റെ വിഷന്‍ ആണ്” എന്നായിരുന്നു അദ്ദേഹം ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. ഇത് വലിയ തോതിൽ സംസ്ഥാനത്ത് ചർച്ചയാകുകയും ചെയ്തു. പിന്നീട് അദ്ദേഹം കെപിസിസി പ്രസിഡന്റ് ആയി ചുമതലയേറ്റപ്പോഴും എതിരാളികൾ ഏറെ ചർച്ച ചെയ്തത് സുധാകരന്റെ ഈ പരാമർശമായിരുന്നു. പിന്നീട് പലപ്പോഴായി എതിരാളികൾ ഈ 'നാക്കു പിഴ' ആയുധമാക്കിയെടുക്കുകയും ചെയ്തു.

ശാഖയെ 'സംരക്ഷിച്ച്' കുടുങ്ങി

ഈ അടുത്തായി നടത്തിയ ആർ.എസ്.എസ്. ശാഖാ സംരക്ഷണ പരാമര്‍ശവും ഏറെ വിവാദമുണ്ടാക്കിയിരുന്നു. സംഘടനാ കോൺഗ്രസ് വിഭാഗം കെ.എസ്.യു.വിൽ പ്രവർത്തിക്കുമ്പോൾ എടക്കാട് മണ്ഡലത്തിലെ ചിലയിടങ്ങളിൽ ആർ.എസ്.എസിന്റെ ശാഖകൾ സംരക്ഷിക്കാൻ ആളെ അയച്ച്‌ സഹായം നൽകിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരമാർശം. ശാഖകൾ തകർക്കാനും അടിച്ചുപൊളിക്കാനും സി.പി.എം. ശ്രമിച്ചപ്പോൾ പൗരൻമാരുടെ ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന ജനാധിപത്യപരമായ കടമ നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. കണ്ണൂരിൽ സി.എം.പി. സംഘടിപ്പിച്ച എം.വി.ആർ. ചരമവാർഷിക പരിപാടിയുടെ ഉദ്ഘാടനപ്രസംഗത്തിലാണ് എം.വി. രാഘവനെ സി.പി.എം. അക്രമത്തിൽനിന്ന് രക്ഷിച്ച കാര്യം സൂചിപ്പിക്കവെ ആർ.എസ്.എസ് ശാഖയെ സംരക്ഷിച്ച കാര്യവും സുധാകരൻ പറഞ്ഞത്.

എന്നാൽ തന്റെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ജനാധിപത്യ അവകാശങ്ങൾ ധ്വംസിക്കപ്പെടുന്നിടത്ത് എന്നും ശക്തമായി പ്രതികരിച്ച പ്രസ്ഥാനമാണ് കോൺഗ്രസെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തെക്ക്- വടക്ക് പരാമർശത്തിൽ കുടുങ്ങിയ അധ്യക്ഷൻ

രാവണനെ വധിച്ച ശേഷം സീതയ്ക്കും ലക്ഷ്മണനുമൊപ്പം പുഷ്പക വിമാനത്തില്‍ തിരിച്ചുവരുമ്പോള്‍ ലക്ഷ്മണനും രാമനും തമ്മിലുണ്ടായ സംഭാഷണത്തെക്കുറിച്ചുള്ള പരാമര്‍ശമായിരുന്നു മറ്റൊരു വിവാദ വിഷയം. 'തെക്കന്‍ കേരളത്തിലൂടെ പുഷ്പക വിമാനം സഞ്ചരിക്കുന്നതിനിടെ സീതയെ സ്വന്തമാക്കി കടന്നുകളഞ്ഞാലോ എന്ന് ലക്ഷ്മണന്‍ ചിന്തിച്ചു. എന്നാല്‍ തൃശൂര്‍ കഴിഞ്ഞപ്പോള്‍ താന്‍ ചിന്തിച്ചതില്‍ ലക്ഷ്മണന് കുറ്റബോധമുണ്ടായതെന്നും ഇത് മനസ്സിലാക്കിയ രാമന്‍ അത് ലക്ഷ്മണന്റ തെറ്റല്ല, കടന്നുവന്ന മണ്ണിന്റെ തെറ്റാണെന്നു പറഞ്ഞു' എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. ഇത് തെക്കന്‍ ജില്ലക്കാരെ അപമാനിക്കുന്നതാണ് എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

കെ സുധാകരൻ | Photo: മാതൃഭൂമി

തെക്ക്- വടക്ക് മേഖലയിലെ രാഷ്ട്രീയക്കാരെ താരതമ്യം ചെയ്തുള്ള വിവാദപരാമര്‍ശവും വലിയ തോതിൽ ചർച്ചയായിരുന്നു. പിന്നീട് ഈ പരാമർശം അദ്ദേഹം പിൻവലിക്കുകയും ചെയ്തു. 'മലബാറില്‍ ആളുകള്‍ പരസ്പരം പറയുന്ന കഥ ആവര്‍ത്തിച്ചതാണ്. ആരുടെയെങ്കിലും വികാരത്തേയോ മനസ്സിനേയോ വ്രണപ്പെടുത്താന്‍ ലക്ഷമിട്ടായിരുന്നില്ല പരാമര്‍ശമെന്നും അങ്ങനെയാര്‍ക്കെങ്കിലും തോന്നിയെങ്കില്‍ അത് പിന്‍വലിക്കുന്നു' എന്ന് പറഞ്ഞായിരുന്നു അതിൽ നിന്ന് തലയൂരിയത്.

തൃക്കാക്കരയിലെ 'നായ' പരാമർശം

തൃക്കാക്കര തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരേയായിരുന്നു കെ സുധാകരന്റെ മറ്റൊരു വിവാദ പരാമർശം. മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയിൽ നടത്തുന്ന കഠിന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കെ സുധാകരൻ 'നായ' പരാമർശവുമായി രംഗത്തെത്തിയത്. ഇത് വലിയ വിവാദങ്ങൾക്കായിരുന്നു വഴി വെച്ചത്. മുഖ്യമന്ത്രിക്കെതിരായ മോശം പരാമർശത്തിന്റെ പേരിൽ സുധാകരനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

'ചെത്തുകാരന്റെ മകൻ'

മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ 'ചെത്തുകാരന്റെ മകൻ' പരാമർശവും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 'ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍' എന്നാണ് സുധാകരന്റെ പരാമർശം. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍ പരിഹസിച്ചിരുന്നു. ഇത് മുഖ്യമന്ത്രിക്കെതിരേ ജാതീയാധിക്ഷേപം നടത്തിയെന്നതിൽ വലിയ തോതിൽ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തലശ്ശേരിയില്‍ നടന്ന യോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പ്രസംഗം.

ഇതിനെതിരെ കോൺഗ്രസിൽ നിന്ന് തന്നെ മറുശബ്ദങ്ങളുമുയർന്നിരുന്നു. കെ. സുധാകരന്‍ നടത്തിയ ചെത്തുകാരന്റെ മകന്‍ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നെന്ന് എം.എം. ഹസ്സന്‍ പറഞ്ഞിരുന്നു.

'സുധാകരനെ ബ്രണ്ണന്‍ കോളേജില്‍ പഠിക്കാന്‍ വന്നത് മുതല്‍ അറിയാം. ചെത്തുകാരന്റെ മകനെന്ന് വിളിച്ചതുകൊണ്ട് ആക്ഷേപിച്ചതായി ഞാന്‍ കാണുന്നില്ല. തന്റെ അച്ഛനും സഹോദരനും ചെത്തുതൊഴിലെടുത്തവരാണ്' എന്നായിരുന്നു ഇതിന് മുഖ്യമന്ത്രി നൽകിയ മറുപടി.

തരൂരിനെതിരെ 'ട്രെയിനി' പരാമർശം

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെയ്ക്കെതിരായി മത്സരിച്ച ശശി തരൂർ എം.പിക്കെതിരേയും അദ്ദേഹത്തിന്റെ 'നാക്കുപിഴ' ഉണ്ടായി. അദ്ദേഹത്തിനെതിരേയുള്ള സുധാകരന്റെ 'ട്രെയിനി' പരാമർശത്തിൽ തരൂർ തന്നെ രംഗത്തെത്തിയിരുന്നു.

'തരൂര്‍ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്, മികച്ച പാണ്ഡിത്യമുണ്ട്. എന്നാല്‍ സംഘടനാകാര്യങ്ങളിലേക്ക് വരുമ്പോള്‍ തരൂരിന് പ്രവര്‍ത്തന പാരമ്പര്യമില്ല. രാഷ്ട്രീയമണ്ഡലത്തില്‍ തരൂരിന്റെ അനുഭവം പരിമിതമാണ്. ഒരു പാര്‍ട്ടിയെ നയിക്കാന്‍ ബുദ്ധിയും സാമര്‍ഥ്യവും മാത്രം പോരാ' എന്നായിരുന്നു അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വെച്ച് പറഞ്ഞത്. എന്നാൽ 'സുധാകരന് എന്തും പറയാം, താൻ 46 വർഷം പാരമ്പര്യമുള്ള ട്രെയിനി' എന്നായിരുന്നു ശശി തരൂരിന്റെ മറുപടി.

വിവാദ പരാമർശങ്ങൾ വിടാതെ പിന്തുടരുമ്പോൾ യുഡിഎഫിനൊപ്പമുള്ള സഖ്യകക്ഷികൾ അസ്വസ്ഥരാണെന്നത് പോലെത്തന്നെ നേതാക്കൾക്കിടയിലും മുറുമുറുപ്പുയരുന്നുണ്ട്. പരസ്യമായി ആരും രംഗത്തെത്തുന്നില്ല എന്നതാണ് സത്യം. എന്നാൽ മുസ്ലിം ലീഗിന്റെ മറുപടി ഇതിൽ ശ്രദ്ധേയമാണ് താനും.

Content Highlights: kpcc president controversial statement


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented