ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. വനിതകള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി. 

മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. ഇന്നു രാത്രിയോടെ അന്തിമ ഭാരവാഹി പട്ടിക തയ്യാറാകുമെന്നും ഞായറാഴ്ചയോടെ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നും താരിഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞു. 

ഡിസിസി പുനഃസംഘടനയില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വലിയ വിവാദങ്ങളില്ലാതെ കെപിസിസി ഭാരവാഹിപട്ടിക പുറത്തിറക്കാനാണ് എഐസിസി നേതൃത്വം ആലോചിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിപി സജീന്ദ്രനേയും വനിതാ പ്രതിനിധികളായി ബിന്ദു കൃഷ്ണ, പത്മജ വേണുഗോപാല്‍, സുമ ബാലകൃഷ്ണന്‍ എന്നിവരും പരിഗണനയിലുണ്ടെണ് സൂചന. 

ജംബോ പട്ടിക ഉണ്ടാകില്ലെന്ന് തീരുമാനമെടുത്തിരുന്നതിനാല്‍ 51 അംഗ ഭാരവാഹി പട്ടികയാകും പുറത്തിറക്കുക. നിലവില്‍ എംഎല്‍എ, എംപിമാരായ ജനപ്രതിനിധികളെ പട്ടികയിലേക്ക് പരിഗണിക്കുന്നില്ലെന്നാണ് വിവരം. അതേസമയം ഡിസിസി പ്രസിഡന്റ് പദവി ഒഴിഞ്ഞ ചിലര്‍ക്ക് ഇളവുകള്‍ നല്‍കാന്‍ സാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ സൂചന നല്‍കുന്നു.

content highlights: kpcc officials list announced tommorrow says tariq anwar