കെസി വേണുഗോപാൽ | Photo: മാതൃഭൂമി
തിരുവനന്തപുരം: നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷമാണ് കെ.പി.സി.സി ഭാരവാഹി പട്ടിക പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. പക്ഷെ 56 അംഗ പട്ടിക പുറത്തുവന്നതോടെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്ക് പ്രാധാന്യം കൂടി. പട്ടിക തയ്യാറാക്കുന്നതില്‍ കെ.സി വേണുഗോപാല്‍ ഇടപെട്ടിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് പറയുമ്പോഴും മൂന്നിലൊന്ന് ജനറല്‍ സെക്രട്ടറിമാരും കെ.സി. വേണുഗോപാല്‍ പക്ഷക്കാരാണ്.
ആകെയുള്ള 23 ജനറല്‍ സെക്രട്ടറിമാരില്‍ പഴകുളം മധു, എം.ജെ.ജോബ്, കെ.പി.ശ്രീകുമാര്‍, ജോസി സെബാസ്റ്റ്യന്‍, പി.എ നിയാസ്, കെ.കെ. എബ്രഹാം, ദീപ്തി മേരി വര്‍ഗീസ് എന്നിവര്‍ കെ.സിയോട് അടുപ്പമുള്ളവരാണ്.
എഴ് ജനറല്‍ സെക്രട്ടറിമാര്‍ കെ.സി പക്ഷത്തുള്ളവരാണ്. ഇതിനുപുറമെ കെ.പി.സി.സി എക്സിക്യൂട്ടീവിലും കെ.സി. വിഭാഗത്തിന് പ്രാമുഖ്യം ലഭിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ ജോര്‍ജ് മാമന് കോണ്ടൂര്, ആലപ്പുഴയില്‍ നിന്നുള്ള അഡ്വ.ജോണ്സണ് എബ്രഹാം എന്നിവര്‍ കെ.സി പക്ഷത്തുള്ളവരാണ്.
28 നിര്‍വാഹക സമിതി അംഗങ്ങളും പട്ടികയിലുണ്ട്. പത്മജ വേണുഗോപാല്‍, ഡോ. പിആര്‍ സോനയും നിര്‍വാഹക സമിതിയിലുണ്ട്. അതേസമയം വിഎം സുധീരന് നല്കിയ പേരുകള്‍ പൂര്‍ണമായും പട്ടികയില്‍ നിന്നൊഴിവാക്കിയെന്നതും ശ്രദ്ധേയമാണ്. ഒരു സമിതിയിലും ഉള്‍പെട്ടിട്ടില്ലാത്ത ശിവദാസന്‍ നായര്‍ അതൃപ്തിയിലാണ്. കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സ്ഥാനം കൊടുക്കാം എന്ന ഉപാധിയിലാണ് അദ്ദേഹത്തെ തണുപ്പിച്ചിരിക്കുന്നത്.
പാര്‍ട്ടിക്കുള്ളില്‍ കെ.സി. വേണുഗോപാര്‍ പിടിമുറുക്കുന്നതിനെ അമര്‍ഷത്തോടെ കണ്ടുനില്ക്കുകയാണ് എ, ഐ ഗ്രൂപ്പുകള്‍. എല്ലാ വിഭാഗങ്ങള്‍ക്കും പ്രാധാന്യം നല്‍കിയെന്നും പാര്‍ട്ടി നന്നാകണമെന്ന് ആഗ്രഹമുള്ളവര്‍ ഇതിനെ വിമര്‍ശിക്കില്ലെന്നുമാണ് കെ.സുധാകരന് പറഞ്ഞത്. രണ്ട് ഗ്രൂപ്പുകള്‍ക്കുമുള്ള പരോക്ഷമായ മുന്നറിയിപ്പാണ്.
പരസ്യപ്രതികരണങ്ങള്‍ക്ക് ആരും മുതിരാതിരിക്കാനുള്ള മുന്‍കരുതലാണ് സുധാകരന് നടത്തിയത്. കെ.പി.സി.സി നല്കിയ പട്ടിക ഹൈക്കമാന്‍ഡ് അതേപടി അംഗീകരിക്കുകയായിരുന്നുവെന്നാണ് സുധാകരന്റെ വാദം. കെ.സി. വേണുഗോപാല്‍ വിഭാഗത്തിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന പട്ടിക വന്നത് ബാക്കിയുള്ളവരില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. പട്ടികയെ ചൊല്ലിയുള്ള അപസ്വരങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് സൂചന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..