ന്യൂഡല്‍ഹി: മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവില്‍ കേരളത്തിലെ കോണ്‍ഗ്രസിന് പുതിയ നേതൃത്വം. മുല്ലപ്പള്ളി രാമചന്ദ്രനാണ് കെ.പി.സി.സി.യുടെ പുതിയ അധ്യക്ഷന്‍.  കെ. സുധാകരന്‍, എം.ഐ. ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ വര്‍ക്കിങ് പ്രസിഡന്റുമാരായും നിയമിച്ചു. കെ. മുരളീധരനെ  പാര്‍ട്ടി പ്രചാരണ സമിതിയുടെ ചെയര്‍മാനായും നിയമിച്ചു. ബെന്നി ബെഹനാന്‍ യു.ഡി.എഫ്. കണ്‍വീനറാകും. എന്നാല്‍, ഇത് സംബന്ധിച്ച പ്രഖ്യാപനം കേരളത്തിലാണുണ്ടാവുക.

 കോണ്‍ഗ്രസ് സംഘടനാതിരഞ്ഞെടുപ്പിന് നേതൃത്വം നല്കിയ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി.  അധ്യക്ഷനാകുമെന്ന് ഏതാനും മാസങ്ങളായി സൂചനയുണ്ടായിരുന്നു. എന്നാല്‍, പല കാരണങ്ങളാലും തീരുമാനം നീണ്ടു പോയി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പുതിയ കെ.പി.സി.സി. നേതൃത്വത്തെ  നിയോഗിച്ചതായി  ബുധനാഴ്ച രാത്രിയാണ് സംഘടനാച്ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോത് അറിയിച്ചത്.  വി.എം. സുധീരന്‍ കെ.പി.സി.സി.അധ്യക്ഷസ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്ന് ഒന്നരവര്‍ഷത്തോളമായി എം.എം. ഹസനാണ് കെ.പി.സി.സി. അധ്യക്ഷ പദവി വഹിച്ചിരുന്നത്.  

 പുതിയ അധ്യക്ഷനെ നിയമിക്കുന്നതിനായി ഏതാനും മാസങ്ങള്‍ക്ക് മുമ്പുതന്നെ നേതൃത്വം ചര്‍ച്ചകളാരംഭിച്ചിരുന്നു. എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസന്‍, വി.എം. സുധീരന്‍, കെ. മുരളീധരന്‍, കെ.സി. വേണുഗോപാല്‍ തുടങ്ങി സംസ്ഥാനത്തെ  പ്രധാന നേതാക്കളുമായി രാഹുല്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഡി.സി.സി. അധ്യക്ഷന്മാരുടെ നിര്‍ദേശങ്ങളും തേടിയിരുന്നു.
 മുല്ലപ്പള്ളിക്ക് പുറമേ  കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, വി.ഡി. സതീശന്‍, കെ.വി. തോമസ്, ബെന്നിബെഹനാന്‍ എന്നിവരുടെ പേരുകള്‍ പല ഘട്ടത്തില്‍ ഈ പദവിയിലേക്ക് ഉയര്‍ന്നുവന്നിരുന്നു. തീരുമാനം നീളാന്‍ കാരണമിതാണ്. സമവായത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്ന് ഒരു പേര് ഉയര്‍ന്നുവരട്ടെയെന്ന നിലയില്‍ നേതൃത്വം തീരുമാനം മാറ്റിവെക്കുകയായിരുന്നു. 

KPCC

content highlights: KPCC, Congress, Mullappally Ramachandran, K.Muraleedharan