തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ഉള്ള ആരോപണങ്ങളെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ പറഞ്ഞു. 

സോളാര്‍ കേസിന്റെ പേരില്‍ കോണ്‍ഗ്രസിലെ സമുന്നതരായ നേതാക്കളെ തേജോവധം ചെയ്യുന്നതിനും പാര്‍ട്ടിയെ തകര്‍ക്കാനും വേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം അറിയിച്ചു. 

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നിയമവിദഗ്ധരുമായി ആലോചിച്ച് കേസില്‍ തുടര്‍ നടപടി കൈക്കൊള്ളും. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് പ്രത്യേക സമരപരിപാടികള്‍ ഒന്നും നടത്താന്‍ പാര്‍ട്ടി ഉദ്യേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷം മാത്രമേ താന്‍ കൂടുതല്‍ പ്രതികരണങ്ങളിലേക്ക് പോകുന്നുള്ളുവെന്നും ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

എന്നാല്‍, സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിനെ വി.എം സുധീരന്‍ എതിര്‍ത്തു. നിയമപരമായി നേരിടുന്നതാണ് ഉചിതമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 

പക്ഷേ, സുധീരന്റെ അഭിപ്രായത്തെ എം.ഐ. ഷാനവാസ് എംപി ശക്തമായി എതിര്‍ത്തു. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ബിജെപിയുമായി ചേര്‍ന്ന് സിപിഎം നടത്തുന്ന ഗൂഢാലോചനയാണ് സോളാര്‍ കേസിന് പിന്നിലെന്ന് ആരോപിച്ചു. പാര്‍ട്ടിയിലെ ഒരു കൂട്ടം നേതാക്കളെ തോജോവധം ചെയ്യാന്‍ തെരുവില്‍ ഇട്ടുകൊടുക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ടു തന്നെ രാഷ്ട്രീയമായും നിയമപരമായും നേരിടണമെന്ന് ആവശ്യപ്പെട്ടു. 

പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നീക്കമാണ് സോളാര്‍ കേസ് എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം.

ഭൂരിപക്ഷങ്ങളുടെ അഭിപ്രായം മാനിച്ച് സുധീരന്റെ നിലപാട് തള്ളി രാഷ്ട്രീയപരമായി നേരിടാന്‍ കെപിസിസി രാഷ്ട്രീയകാര്യ യോഗം തീരുമാനിക്കുകയായിരുന്നു.