തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ തുറന്നു കാട്ടണമായിരുന്നുവെന്ന് കെപിസിസിയില്‍ വിമര്‍ശം. സുരക്ഷാ പ്രവര്‍ത്തനങ്ങളിലെ പൂര്‍ണസഹകരണത്തോടൊപ്പം അതിലെ വീഴ്ച്ചകളും തുറന്നു പറയണമായിരുന്നെന്ന് യോഗത്തില്‍ കെ മുരളീധരന്‍ അവശ്യപ്പെട്ടു. വൈദ്യുതിമന്ത്രി എം എം മണിക്കും ഇക്കാര്യത്തില്‍ വലിയ വീഴ്ച്ചയുണ്ടായെന്നും എം എം മണിയുടെ രാജി ആവശ്യപ്പെടണമായിരുന്നുവെന്നും കെ പി അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. വീഴ്ചകള്‍ തുറന്നുകാട്ടുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന വിമര്‍ശവും നേതാക്കള്‍ ഉന്നയിച്ചു.

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം പാര്‍ട്ടിയുടെയും പ്രതിപക്ഷത്തിന്റെയും പൂര്‍ണ പിന്തുണയുമുണ്ടാകണം. എന്നാല്‍ അതോടൊപ്പം വീഴ്ച്ചകള്‍ തുറന്നു കാട്ടുകയും വേണമായിരുന്നുവെന്നുമാണ് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടത്. ഡാമുകള്‍ തുറന്നു വിടുന്നതിനു മുമ്പ് സര്‍ക്കാര്‍ വേണ്ട വിധത്തിലുള്ള മുന്നറിയിപ്പുകള്‍ നല്‍കിയില്ല. അക്കാര്യത്തിലാണ് സര്‍ക്കാരിന് വലിയ പാളിച്ച സംഭവിച്ചതെന്നും കെ മുരളീധരന്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

മുന്നറിയിപ്പുകള്‍ ലഭിക്കാതെ വന്നപ്പോള്‍ ജനങ്ങള്‍ ഏറെ പരിഭ്രാന്തരായി. ഡാമുകള്‍ യാതൊരു മുന്നറിയിപ്പും നല്‍കാതെ തുറന്നു വിട്ടതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടണമെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വാഹക സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. തന്റെ പാളിച്ചകള്‍ മറച്ചു പിടിക്കുന്നതിനു വേണ്ടിയാണ്  മുഖ്യമന്ത്രി ഇടയ്ക്കിടെ മാധ്യമങ്ങളെ കാണുന്നത്. എന്നാല്‍ അതെല്ലാം തുറന്നു തുറന്നുകാണിക്കാനാണ്‌ കെപിസിസി അംഗങ്ങള്‍ ശ്രമിക്കേണ്ടതെന്നും യോഗത്തില്‍ ആവശ്യങ്ങളുയര്‍ന്നു.