തിരുവനന്തപുരം: കോണ്‍ഗ്രസില്‍ വീണ്ടും രാജി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജി. രതികുമാറാണ് രാജിവെച്ചത്. സംഘടനാപരമായ വിഷയങ്ങളിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണം. 

രാജിക്കാര്യം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം കെ.പി.സി.സി. അധ്യക്ഷന് അയച്ച കത്ത് പുറത്തെത്തി. നാല്‍പ്പതുവര്‍ഷമായി കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണെന്നും സംഘടനാപരമായ പല വിഷയങ്ങളും നേരിട്ടറിയിക്കാന്‍ പലതവണ ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്നും രാജിക്കത്തില്‍ രതികുമാര്‍ വ്യക്തമാക്കുന്നു. 

കെ.പി.സി.സി. പുനഃസംഘടനയ്ക്കു ശേഷം വന്നിട്ടുള്ള പാര്‍ട്ടിയിലെ നിലപാടുകളാണ് രതികുമാറിന്റെ രാജിക്കു കാരണമായിരിക്കുന്നത്. പാര്‍ട്ടി പുനഃസംഘടനയ്ക്ക് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചപ്പോള്‍ത്തന്നെ, പുതിയ നേതൃത്വത്തിന്റെ പലരീതികളോടും പൊരുത്തപ്പെട്ടു പോകാന്‍ സാധിക്കാത്തതാണ് രാജിയില്‍ കലാശിച്ചത്. 

കെ. കരുണാകരന്റെ കാലം മുതല്‍തന്നെ കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തനം ആരംഭിച്ചയാളാണ് രതികുമാര്‍. ഐ ഗ്രൂപ്പിനോടും കരുണാകരനോടും ഒപ്പംനിന്നിരുന്ന പ്രവര്‍ത്തനമായിരുന്നു ഇദ്ദേഹത്തിന്റേത്. എന്നാല്‍ പുതിയ നേതൃത്വം വന്നതിനു ശേഷം, അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താനോ സംസാരിക്കാനോ ഉള്ള അവസരം ലഭിക്കുന്നില്ലെന്നുള്ള പരാതി രതികുമാര്‍ ഉന്നയിച്ചിരുന്നു. ഇതും പാര്‍ട്ടി വിടാന്‍ കാരണമായിട്ടുണ്ട്.

content highlights: kpcc general secretary g rathikumar resigns from party