തിരുവനന്തപുരം: കെ.പി.സി.സി.യുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റാല്‍ ആദ്യപടിയായിത്തന്നെ പാര്‍ട്ടി പുനഃസംഘടനയിലേക്ക് കടക്കും. ബുധനാഴ്ച പ്രസിഡന്റ് കെ. സുധാകരന്‍, വര്‍ക്കിങ് പ്രസിഡന്റുമാരായ പി.ടി. തോമസ്, കൊടിക്കുന്നില്‍ സുരേഷ്, ടി. സിദ്ദിഖ് എന്നിവര്‍ ചുമതലയേല്‍ക്കും.

ഭാരവാഹികള്‍ എത്ര?

കെ.പി.സി.സി., ഡി.സി.സി. ഭാരവാഹികളുടെ എണ്ണംകുറയ്ക്കണമെന്ന തത്ത്വത്തോട് പാര്‍ട്ടിയില്‍ ആര്‍ക്കും വിയോജിപ്പില്ല. അത് പ്രാവര്‍ത്തികമാക്കുകയെന്നതാണ് പ്രയാസം.

കെ.പി.സി.സി., ഡി.സി.സി. തലത്തില്‍ പരമാവധി 25 ഭാരവാഹികള്‍ വീതമെന്നതാണ് പൊതുവേ ഉയരുന്ന നിര്‍ദേശം. ഭാരവാഹികളുടെ എണ്ണം നിയന്ത്രിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏറെ ശ്രമിച്ചിരുന്നു. എന്നാല്‍, ഗ്രൂപ്പുകളുടെ സമ്മര്‍ദംമൂലം അതിനുകഴിഞ്ഞില്ല.

നിലവില്‍ പത്തിലധികം വൈസ് പ്രസിഡന്റുമാരും 50-ല്‍പരം ജനറല്‍ സെക്രട്ടറിമാരും നൂറിനടുത്ത് സെക്രട്ടറിമാരും കെ.പി.സി.സി.ക്കുണ്ട്. വര്‍ക്കിങ് പ്രസിഡന്റുമാരുള്ളപ്പോള്‍ പിന്നെ വൈസ് പ്രസിഡന്റ് വേണോയെന്ന ചോദ്യവും ഉയരുന്നു. ഡി.സി.സി.കള്‍ക്കും ഭാരവാഹികളുടെ ചെറുസമിതികള്‍ വരും.

എല്ലാ ഡി.സി.സി.കളിലും മാറ്റം

ആലപ്പുഴ, പാലക്കാട് ഡി.സി.സി. പ്രസിഡന്റുമാര്‍ സ്ഥാനമൊഴിഞ്ഞുകഴിഞ്ഞു. കൊല്ലം, ഇടുക്കി, വയനാട് ജില്ലകളില്‍ രാജിസന്നദ്ധതയറിയിച്ചിരുന്നു. ഇവയടക്കം എല്ലാ ഡി.സി.സി.കളിലും പുതിയ പ്രസിഡന്റുമാരെ കണ്ടെത്തും.

ഡി.സി.സി. പ്രസിഡന്റുമാര്‍, കെ.പി.സി.സി. ഭാരവാഹികള്‍ എന്നിവരുടെ നാമനിര്‍ദേശം ഒരു പാക്കേജിന്റെ അടിസ്ഥാനത്തിലാകും നടക്കുക. തിരഞ്ഞെടുപ്പില്‍ തോറ്റ ചിലര്‍ ഡി.സി.സി. അധ്യക്ഷന്മാരായി വന്നേക്കുമെന്ന് സൂചനയുണ്ട്. എം.പി.മാര്‍, എം.എല്‍.എ.മാര്‍ എന്നിവരും ഭാരവാഹികളായേക്കാം. ജനപ്രതിനിധികളെ മാറ്റിനിര്‍ത്തി, മത്സരിക്കാന്‍പോലും അവസരം ലഭിക്കാത്തവരെ പരിഗണിക്കണമെന്ന നിര്‍ദേശവും ഉയരുന്നുണ്ട്.

അതൃപ്തിയെങ്കിലും സഹകരിക്കും

പ്രതിപക്ഷനേതാവ്, കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നടന്ന നിയമനങ്ങളില്‍ ഹൈക്കമാന്‍ഡിനോട് അതൃപ്തിയുണ്ടെങ്കിലും പുനഃസംഘടനയോട് സഹകരിക്കാനാണ് എ, ഐ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം.