കോഴിക്കോട്: ഡി.സി.സി പ്രസിന്റുമാരെ തിരഞ്ഞെടുത്തതിലെ തര്‍ക്കത്തില്‍ പരസ്യപ്രതികരണത്തിന് തനിക്ക്‌നേരെയുള്ള അച്ചടക്കനടപടി തള്ളി കോണ്‍ഗ്രസ് നേതാവ് കെ.പി അനില്‍കുമാര്‍. എന്ത് അച്ചടക്കരാഹിത്യമാണ് താന്‍ കാണിച്ചതെന്നും എവിടെ നിന്നാണ് ആരാണ് തന്നെ പുറത്താക്കിയതെന്നും അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. 

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമെതിരേ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്‌. മുന്‍പ് പല കെപിസിസി പ്രസിഡന്റുമാര്‍ക്കെതിരേയും സുധാകരന്‍ നടത്തിയ വിമര്‍ശനങ്ങള്‍, എംഎല്‍എ മാത്രമായിരുന്നപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നിവര്‍ക്കെതിരേ സതീശന്‍ നടത്തിയിട്ടുള്ള വിമര്‍ശനങ്ങള്‍ എന്നിവയിലുണ്ടായ അച്ചടക്കരാഹിത്യം തനിക്ക് ഉണ്ടായിട്ടില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു.

തന്നേക്കാള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഉമ്മന്‍ ചാണ്ടിയെ സസ്‌പെന്‍ഡ് ചെയ്യുമോ എന്നാണ് അനില്‍കുമാര്‍ നേതൃത്വത്തോട് ചോദിക്കുന്നത്. ഗ്രൂപ്പിസം അവസാനിപ്പിക്കും എന്ന് പറഞ്ഞ് നേതൃമാറ്റം ഉണ്ടാക്കിയവര്‍ പഴയതിലും മോശമായിട്ടാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്നും അനില്‍കുമാര്‍ വിമര്‍ശിച്ചു. ഗ്രൂപ്പിന്റെ ഭാഗമല്ലാത്ത ഒരാളേപ്പോലും പുതിയ പട്ടികയില്‍ കാണിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാഥാര്‍ത്ഥ്യം വിളിച്ചുപറഞ്ഞാല്‍ എങ്ങനെയാണ് അച്ചടക്കലംഘനമാവുകയെന്നും അനില്‍കുമാര്‍ ചോദിക്കുന്നു.

കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും എഐസിസി അംഗവുമായ തന്നെ ആരാണ്, ഏത് ഫോറത്തില്‍ നിന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണോ സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഡ് ചെയ്‌തോട്ടേ പക്ഷേ അതിനുള്ള നടപടി ക്രമങ്ങള്‍ പാലിച്ചോ, ഫോണില്‍ പോലും വിളിച്ച് വിശദീകരണം ചോദിക്കുകയോ ചെയ്യാതെ എങ്ങനെയാണ് സസ്‌പെന്‍ഡ് ചെയ്യുകയെന്നും അദ്ദേഹം ചോദിക്കുന്നു. വിഷയം ചൂണ്ടിക്കാണിച്ച് നാളെ എഐസിസിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ അഭിപ്രായ പ്രകടനങ്ങള്‍ ആരേയും വ്യക്തിപരമായി അക്രമിക്കുകയെന്ന ഉദ്ദേശത്തോടെയല്ലെന്നും പാര്‍ട്ടിയെ രക്ഷിക്കുകയെന്ന ഉദ്ദേശത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. 70 ശതമാനത്തില്‍ അധികം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ പങ്കുവെച്ചതെന്നും നൂറുകണക്കിന് ബ്ലോക്ക്‌ പ്രസിഡന്റുമാരും മണ്ഡലം പ്രസിഡന്റുമാരും തനിക്ക് പിന്തുണയറിയിച്ചുവെന്നും അനില്‍ കുമാര്‍ പറയുന്നു.

കോഴിക്കോട് ജില്ലയില്‍ എം.കെ രാഘവനാണ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും വിമര്‍ശനം ആവര്‍ത്തിച്ചു. താന്‍ അല്ലാതെ ജില്ലയില്‍ നിന്ന് ആരും പാര്‍ലമെന്ററി രംഗത്ത് വരരുതെന്ന വാശിയാണ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് ജില്ലയില്‍ തോല്‍വി സമ്മാനിച്ചതെന്നും അനില്‍കുമാര്‍ പറഞ്ഞു. 

ഒരു എംഎല്‍എ അല്ലെങ്കില്‍ എം.പി ഉണ്ടായാല്‍ പാര്‍ട്ടിയുടെ ആ പ്രദേശത്തെ സംഘടനയെ മുഴുവന്‍ അവരേ ഏല്‍പ്പിച്ചാല്‍ പാര്‍ട്ടിക്ക് എങ്ങനെയാണ് വളര്‍ച്ചയുണ്ടാവുകയെന്നും അനില്‍കുമാര്‍ ചോദിച്ചു. ഇപ്പോഴത്തെ പട്ടികയില്‍ എല്ലാവരും പെട്ടിപിടിച്ച് സ്ഥാനം നേടിയവരാണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: KP Anil kumar against K Sudhakaran and VD Satheesan on disciplinary action