കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ. കേസില്‍ അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റുകളാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി പി.എ.മുഹമ്മദ് റിയാസ്. ഇരുവരും മാവോയിസ്റ്റുകളാണെന്നത് പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങള്‍ക്കും ബോധ്യമായിട്ടുണ്ടെന്നും നിഷ്‌കളങ്കരെയാണ് പോലീസ് പിടിച്ചതെന്ന് ആര്‍ക്കും അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മാവോയിസ്റ്റുകളായി സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഒരു പ്രസ്ഥാനത്തില്‍നിന്ന് മറ്റൊരു പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് വഞ്ചനയാണ്. ഇരുവരും മാവോയിസ്റ്റുകളാണെന്നാണ് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കും സംസ്ഥാന കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും ബ്രാഞ്ച് കമ്മിറ്റിക്കും ഇക്കാര്യത്തില്‍ ബോധ്യമായിട്ടുണ്ട്- അദ്ദേഹം വിശദീകരിച്ചു.
അലനും താഹയും മാവോയിസ്റ്റുകളെല്ലെന്ന് പി. മോഹനന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. മാവോയിസ്റ്റുകളാണെന്നത് പാര്‍ട്ടിയുടെ എല്ലാ ഘടകകങ്ങള്‍ക്കും ബോധ്യപ്പെട്ട കാര്യമാണെന്നും എന്നാല്‍ പാര്‍ട്ടിയില്‍ ചില സംഘടന നടപടികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയും മുഖ്യമന്ത്രിയും രണ്ടുതട്ടിലാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി ആരോപിച്ചു.
അലനും താഹയ്ക്കും എതിരെ നടപടി എടുക്കാത്തിടത്തോളം ഇരുവരും പാര്‍ട്ടി അംഗങ്ങളാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെയാണ് അലനും താഹയും മാവോയിസ്റ്റുകളാണെന്ന പി.എ. മുഹമ്മദ് റിയാസിന്റെ പ്രതികരണം.
Content Highlights: kozhikode uapa case; dyfi leader mohammed riyas says alan and thaha are maoists