കോഴിക്കോട്:  ഷൊര്‍ണൂര്‍- കോഴിക്കോട് പാതയില്‍ ട്രെയിന്‍ ഗതാഗതം ഇന്ന് പുനഃസ്ഥാപിച്ചേക്കില്ല. ചാലിയാറില്‍ വെള്ളം അപകട നിലയ്ക്ക് മുകളില്‍ ഒഴുകിയതിനാല്‍ ഫറോക്ക് പാലത്തിന്റെ ബലപരിശോധനയ്ക്ക് ശേഷമെ ഇനി ഈ പാതയില്‍ ട്രെയിന്‍ ഗതാഗതം അനുവദിക്കുകയുള്ളുവെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു. നാളെ രാവിലെ പാലത്തിന്റെ ബലപരിശോധന നടക്കും. ഇതിന് ശേഷം ഉച്ചയോടെ മാത്രമെ തീരുമാനമെടുക്കുകയുള്ളു. 

കനത്ത മഴയില്‍ വെള്ളം കയറിയതിനാല്‍ ചീഫ് എഞ്ചിനീയറടങ്ങുന്ന സംഘം പാതയില്‍ പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഫറോക്ക് പാലത്തിന്റെ ബലപരിശോധന നടത്താന്‍ തീരുമാനമായത്. ചാലിയാറില്‍ വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് പാലത്തിൽ അപകട നിലയ്ക്ക് മുകളില്‍ വെള്ളമെത്തിയിരുന്നു. ഇതിന് പുറമെ ഭാരതപ്പുഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് തിരുനാവായ, പള്ളിപ്പുറം സ്റ്റേഷനുകളിലും വെള്ളം കയറിയിരുന്നു. പള്ളിപ്പുറം സ്റ്റേഷനില്‍ വെള്ളമിറങ്ങിയെങ്കിലും തിരുന്നാവായയില്‍ ഇപ്പോഴും പാളത്തില്‍ നിന്ന് വെള്ളം പൂര്‍ണമായും ഇറങ്ങിയിട്ടില്ല. ഇവിടെ പാളത്തിന് പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്. 

കോഴിക്കോട് ഷൊര്‍ണൂര്‍ പാതയില്‍ ഒരു ലൈനില്‍ കുഴപ്പങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ പാലത്തിന്റെ ബലപരിശോധനയ്ക്ക് ശേഷം ഇതുവഴി ഗതാഗതം അനുവദിച്ചാല്‍ മതിയെന്നാണ് നിലവിലെ തീരുമാനം. തിങ്കളാഴ്ച ഉച്ചയോടെ കോഴിക്കോട്- ഷൊര്‍ണൂര്‍ പാതയിലെ ട്രെയിന്‍ ഗതാഗതത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തേക്കും. പരിശോധനയില്‍ പ്രശ്‌നങ്ങള്‍ കണ്ടില്ലെങ്കില്‍ വേഗത കുറച്ച് ട്രെയിന്‍ കടന്നുപോകാന്‍ അനുവദിച്ചേക്കും. 110 കിലോമീറ്റര്‍ വേഗതയിലാണ് കോഴിക്കോട്- ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിനുകള്‍ ഓടിക്കുന്നത്. 

നിലവില്‍ ഷൊര്‍ണൂര്‍- പാലക്കാട് പാതയില്‍ വേഗത കുറച്ചാണ് ട്രെയിനുകള്‍ ഓടുന്നത്. പ്രളയത്തെ തുടര്‍ന്ന് ഗതാഗതം പുനഃസ്ഥാപിച്ചപ്പോള്‍ 50 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിനുകള്‍ കടന്നുപോകുന്നത്. നേരത്തെ 110 കിലോമീറ്ററായിരുന്നു ഈ പാതയിലും വേഗം അനുവദിച്ചിരുന്നത്. 

കോഴിക്കോട്- ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം നിലച്ചിരിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി ഒരോമണിക്കൂറുകള്‍ ഇടവിട്ട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് എറണാകുളത്തിന് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നടത്തുന്നുണ്ട്. ജില്ലാ കളക്ടര്‍ ഇടപെട്ടാണ് യാത്രാപ്രതിസന്ധി പരിഹരിക്കാന്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത്.

Content Highlights: suspect debilitate in Feroke Railway bridge