കോഴിക്കോട്: കളന്‍തോട് പരതപൊയില്‍ മജ്ലിസുല്‍ മുഹമ്മദിയ്യയിലെ ആത്മീയ ഗുരുവും പ്രമുഖ സൂഫിവര്യനുമായ സയ്യിദ് പി.എസ്.കെ തങ്ങള്‍ (ഉപ്പാവ  77) അന്തരിച്ചു. കബറടക്കം ഇന്ന് വൈകിട്ട് അഞ്ചിന്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 2.20 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 

ജീവകാരുണ്യ മേഖലകളില്‍ നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുള്ളയാളായിരുന്നു ഇദ്ദേഹം. പ്രവാചക പരമ്പരയിലെ 33-ാമത്തെ പേരമകനാണ് സയ്യിദ് പി.എസ്.കെ തങ്ങള്‍. 

പതിനായിരത്തോളം ശിഷ്യഗണങ്ങളുണ്ട് ഇദ്ദേഹത്തിന്. കഴിഞ്ഞ 40 വര്‍മായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളെ സഹായിക്കാനായി നടത്തുന്ന സ്‌നേഹസംഗമം എന്ന ചടങ്ങ് പ്രശസ്തമാണ്. 25,000 കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവും അരിയുള്‍പ്പെടെയുള്ള ഭക്ഷ്യ സഹായവും ഇദ്ദേഹം ശിഷ്യന്‍മാരില്‍ നിന്ന് പിരിച്ച് നല്‍കുന്നു. 

അടുത്ത സ്‌നേഹ സംഗമം ഫെബ്രുവരിയില്‍ നടക്കാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്.  സൂഫി സമൂഹത്തിന്റെ ഈ കാലഘട്ടത്തിലെ സമുന്നതനും, മതാതീത ചിന്തകള്‍ക്ക് അതീതനായ ആത്മീയാചാര്യനായിരുന്നു സയ്യിദ് പി.എസ്.കെ തങ്ങള്‍.