മുക്കം: കോഴിക്കോട് -മലപ്പുറം ജില്ലാതിര്‍ത്തിയായ പഴംപറമ്പില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു. വാഴക്കാടിനടുത്ത ഓമാനൂര്‍ സ്വദേശി വിനു, പഴംപറമ്പ് പുല്‍പറമ്പില്‍ അബ്ദുറഹിമാന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം നടന്നത്. ചെങ്കല്‍ മെഷീന്റെ ഡ്രൈവര്‍മാരാണ് മരിച്ച ഇരുവരും.
ജോലിക്കിടെ ഇരുവരുടെയും ദേഹത്തേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഈ സമയത്ത് ഇരുപതോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഉടന്‍തന്നെ ക്വാറിയിലെ ജോലിക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാരും മുക്കം അരീക്കോട്, തിരുവമ്പാടി പോലീസ്, മുക്കം ഫയര്‍ഫോഴ്‌സ് എന്നിവരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാളെ 10 മണിയോടെയും മറ്റൊരാളെ 10.15 ഓടെയും മണ്ണിനടിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
തിരുവമ്പാടി സി.ഐ രാജപ്പന്‍, മുക്കം എസ്.ഐ കെ.ഷാജിദ്, ജനമൈത്രി പോലീസുകാരായ എ.എസ്.ഐ അസ്സയിന്‍, സി.പി.ഒ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്തംഗം സി.കെ.കാസിം, ബ്ലോക്ക് പഞ്ചായത്തംഗം ഉണ്ണികൃഷ്ണന്‍, കെ.പി.ചന്ദ്രന്‍, മുഹമ്മദ് തുടങ്ങിയവര്‍ സ്ഥലത്തെത്തി.
ക്വാറി പ്രവര്‍ത്തിച്ചത് അനധികൃതമായാണെന്ന് തഹസില്‍ദാര്‍ പ്രേമചന്ദ്രന്‍ പ്രതികരിച്ചു. പലവട്ടം സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. വാഴക്കൃഷിക്കെന്ന പേരില്‍ നിലം നികത്തിയെന്നതെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
content highlights: kozhikode quarry mishap