കോഴിക്കോട്: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോഴിക്കോട് നഗരത്തില്‍ പ്രകടനങ്ങള്‍ക്കും പൊതുസമ്മേളനങ്ങള്‍ക്കും റാലികള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും. 14 ദിവസത്തേക്കുകൂടി നിയന്ത്രണം ഉണ്ടാവുമെന്ന് ജില്ലാ പോലീസ് മേധാവി എസ് കാളിരാജ് മഹേഷ് കുമാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടത്തുന്നവര്‍ ഒരാഴ്ചയെങ്കിലും മുമ്പ് പോലീസിന്റെ അനുമതി വാങ്ങിയിരിക്കണം.

അനുമതിക്കായി സമര്‍പ്പിക്കുന്ന അപേക്ഷയില്‍ പരിപാടി സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കണം. നശീകരണ വസ്തുക്കളോ, സ്‌ഫോടക വസ്തുക്കളോ, വെടിമരുന്നോ, കല്ലുകളോ, ആയുധങ്ങളോ തയ്യാറാക്കുകയോ, ശേഖരിക്കുകയോ, കൊണ്ടുപോവുകയോ ചെയ്യാന്‍ പാടില്ല.

സാമുദായികമോ മതപരമോ ആയ വികാരം ആളിക്കത്തിക്കുന്നതോ, സദാചാര വിരുദ്ധമായതോ, ക്രമസമാധാനത്തെ ബാധിക്കുന്നതോ, രാജ്യസുരക്ഷയെ ബാധിക്കുന്നതോ ആയ ചിത്രങ്ങള്‍, ചിഹ്നങ്ങള്‍, പ്ലക്കാര്‍ഡുകള്‍, ലഘുലേഖകള്‍, പുസ്തകങ്ങള്‍, ഡിജിറ്റല്‍ റെക്കോര്‍ഡുകള്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ അടക്കമുള്ളവയിലൂടെ പ്രചരിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് നിയന്ത്രണങ്ങള്‍ തുടരുന്നതെന്ന് ജില്ലാ പോലീസ് മേധാവി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.