Video grab/mathrubumi news
കോഴിക്കോട്: ഹോസ്റ്റൽ സമയ വിഷയത്തിൽ ആരോഗ്യസർവകലാശാലയുടെ അസാധാരണ വാദങ്ങൾ കേട്ട് അമ്പരന്നിരിക്കുകയാണ് മെഡിക്കൽ വിദ്യാർഥികൾ. ഹോസ്റ്റൽ ഹോട്ടലല്ലെന്നും 25 വയസ്സായാലേ തീരുമാനങ്ങളെടുക്കാനുള്ള പക്വതയുണ്ടാവൂവെന്നുമുള്ള വാദങ്ങൾ ഇന്ത്യയിലെ തന്നെ സുപ്രധാനമായ ഒരു സർവകലാശാലയിൽനിന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചതല്ലെന്നാണ് വിദ്യാർഥികൾ ഒന്നടങ്കം പറയുന്നത്.
“ഒരു കഴമ്പുമില്ലാത്ത കാര്യങ്ങളാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. ഇത് വളരെ ദുഃഖകരമാണ്. എന്തായാലും കോടതിയിലെ സംഭവങ്ങൾ മൊത്തം കഴിഞ്ഞിട്ടില്ല. മൂവ്‌മെന്റ് രജിസ്റ്ററിൽ എഴുതിയിട്ട് കയറാമെന്ന സർക്കാർ ഉത്തരവിൽ പുറത്തേക്ക് പോകുന്നതിനെക്കുറിച്ച് വ്യക്തമായി പറയുന്നില്ല. ഇതിൽ ഒന്നുകൂടി വ്യക്തതവരുത്താൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഇനിയും കേസുള്ളത്” -അവസാനവർഷ വിദ്യാർഥിയും മെഡിക്കൽ കോളേജ് യൂണിയൻ സെക്രട്ടറിയുമായ ഹെന്ന ഹനൻ പറയുന്നു.
ഞങ്ങളുടെ അഭിപ്രായത്തെ അധിക്ഷേപിക്കുന്നതുപോലെയാണ് കേട്ടപ്പോൾ തോന്നിയതെന്ന് മൂന്നാംവർഷ വിദ്യാർഥിനി എ.കെ. കാവ്യ. 25 വയസ്സായില്ലെങ്കിലും ഞങ്ങളുടെ അഭിപ്രായങ്ങൾക്കും തീരുമാനങ്ങൾക്കും ഒരു വിലയുമില്ലാത്തപോലെ തോന്നി.
18 വയസ്സുമുതൽ ഞങ്ങൾക്ക് വോട്ടവകാശമുണ്ട്. 21 വയസ്സിൽ കല്യാണം കഴിക്കാമെന്നും നിയമമുണ്ട്. എന്നാൽ, അതേ ആളുകൾത്തന്നെയാണ് ഇപ്പോൾ ഇങ്ങനെയും പറയുന്നത്. ഇത് വൈരുധ്യമാണെന്നും കാവ്യ പറയുന്നു.
വിദ്യാർഥികളുടെ ബുദ്ധിവൈഭവത്തെ എത്ര ലാഘവത്തോടെയാണ് സർവകലാശാല പുച്ഛിച്ചുതള്ളിയതെന്ന് രണ്ടാംവർഷ വിദ്യാർഥിയായ എൻ. സിദ്ധാർഥ് ചോദിക്കുന്നു. മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള വിദ്യാർഥിമുന്നേറ്റങ്ങൾ ഇനിയും ഉണ്ടാകുമെന്നും അതിനെ ഭയക്കുന്ന സർവകലാശാലകൾ വേണോ വേണ്ടയോ എന്ന് വിദ്യാർഥിസമൂഹം തീരുമാനിക്കുമെന്നും സിദ്ധാർഥ് പറഞ്ഞു.
“അഞ്ചരക്കൊല്ലം നമ്മൾ ഒരേ കാമ്പസിലാണ് പഠിക്കുന്നത്. നാലരക്കൊല്ലമായി ഇല്ലാത്ത എന്ത് സുരക്ഷാപ്രശ്നമാണ് ഇപ്പോഴുണ്ടായതെന്ന് മനസ്സിലാകുന്നില്ല. എന്തായാലും ആരോഗ്യസർവകലാശാലയുടെ പരാമർശം തീർത്തും അപക്വമാണ്’’ -അവസാന വർഷ വിദ്യാർഥിയും യൂണിയൻ ചെയർപേഴ്‌സണുമായ ജസ്റ്റിൻ ബെന്നി പറയുന്നു.
അന്താരാഷ്ട്രനിലവാരത്തിലേക്ക് സർവകലാശാലകളെ ഉയർത്തുമെന്ന് സർക്കാർ പറയുമ്പോൾത്തന്നെയാണ് ഈ പിന്തിരിപ്പൻ ആശയങ്ങളെന്നും കുട്ടികൾ ചൂണ്ടിക്കാണിക്കുന്നു.
എൻ.ഐ.ടി., ഐ.ഐ.ടി., ജിപ്മർ തുടങ്ങിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലൊക്കെ രാത്രിയിലും കുട്ടികൾക്ക് പുറത്തിറങ്ങാനും പഠനസൗകര്യങ്ങൾ ഉപയോഗിക്കാനും കഴിയും. ഇതിന് മതിയായ സുരക്ഷ അവർ കാമ്പസുകളിൽ ഒരുക്കുന്നുമുണ്ട്. ഇതിനൊക്കെ ഉപരിയാണല്ലോ സഞ്ചാരസ്വാതന്ത്ര്യമെന്നും കുട്ടികൾ ചോദിക്കുന്നു.
Content Highlights: kozhikode medical college students hostel issue health university kerala high court affidavit
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..