കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വാര്‍ഡില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇക്കഴിഞ്ഞ രണ്ടാഴ്ച കാലയളവില്‍ മെഡിക്കല്‍ കോളേജിലെ വാര്‍ഡ് മൂന്ന്, നാല്, 36 എന്നിവയുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോവണം. വര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്നവര്‍, കൂട്ടിരിപ്പുകാര്‍, സന്ദര്‍ശകര്‍, ഈ വാര്‍ഡുകളില്‍ ജോലി ചെയ്തിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ ഇപ്പോള്‍ തന്നെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 

ഇനിയും ആരെയെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ ഇതുവരെ ബന്ധപ്പെട്ടില്ല എങ്കില്‍ എത്രയും വേഗം പേര് വിവരം, ഫോണ്‍ നമ്പര്‍ എന്നിവ ബന്ധപ്പെട്ട പഞ്ചായത്ത് കോവിഡ് കണ്‍ട്രോള്‍ റൂമിലോ ആരോഗ്യ പ്രവര്‍ത്തകരെയോ ഉടന്‍ തന്നെ വിളിച്ച് അറിയിക്കണമെന്നും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതുമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ എത്രയും പെട്ടന്ന് ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

Content Highlights: Kozhikode Medical College medicine ward visitors quarantine