കോഴിക്കോട്: എറണാകുളത്ത് വിദ്യാര്‍ഥിക്ക് നിപ ബാധയുണ്ടെന്ന സംശയത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രത്യേക ജാഗ്രതാ നിര്‍ദേശം. പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന പ്രത്യേക യോഗത്തിന് ശേഷമാണ് ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ തീരുമാനിച്ചത്.

ആദ്യ ഘട്ടമെന്ന നിലയില്‍ ഐസോലേഷന്‍ വാര്‍ഡ് പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. പനി ബാധിച്ചവരാണ് കൂടുതലായി ഇപ്പോള്‍ മെഡിക്കല്‍ കോളേജിലെത്തുന്നത്. ഇവരെ പ്രത്യേകം നിരീക്ഷിക്കും. എന്തെങ്കിലും സംശായാസ്പദമായി കാണുകയാണെങ്കില്‍ അവരെ പ്രത്യേകം വാര്‍ഡിലാക്കുമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ.വി.ആര്‍ രാജേന്ദ്രന്‍ പറഞ്ഞു.

നിപ സംശയിക്കുന്ന സാഹചര്യത്തിലും പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതിനാലും സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. പറ്റുമെങ്കില്‍ രോഗിയുടെ ഒപ്പം ഒരാളില്‍ കൂടുതല്‍ ആളുകള്‍ എത്തുന്നത് ഒഴിവാക്കണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്. 

കോഴിക്കോട് നിപയുണ്ടായപ്പോള്‍ നോഡല്‍ ഓഫീസറായി പ്രവര്‍ത്തിച്ച ഡോ.ചാന്ദ്‌നി സജീവന്‍, ഡോ.ഷീല മാത്യു, ഡോ.മിനി എന്നിവരും പകര്‍ച്ച വ്യാധി നിയന്ത്രണ യൂണിറ്റില്‍ പ്രവര്‍ത്തിച്ച ശോഭന, ഷീന എന്നീ നഴ്‌സുമാരുമാണ് എറണാകുളത്തേക്ക് പോയത്.

നിപ കാലയളവില്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍, ചികിത്സാ രീതികള്‍, ജീവനക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ എന്നിവയെല്ലാം ഇവര്‍ നല്‍കും. നിലവില്‍ ഒരു സംഘമാണ് ഇപ്പോള്‍ എറണാകുളത്തേക്ക് തിരിച്ചത്. ആവശ്യമെങ്കില്‍ കൂടുതല്‍ സംഘത്തെ അയക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.