ആക്രമണത്തിന്റെ സിസിടിവി ദൃശ്യം
കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ സുരക്ഷാജീവനക്കാര്‍ക്ക് ജോലിക്കിടെ ക്രൂരമായി മര്‍ദനമേറ്റിട്ട് ഇരുപതു ദിവസമായിട്ടും കേസിലെ രണ്ടു പ്രതികളെ പിടികൂടാനാവാതെ പോലീസ്. നിഖില്‍ സോമന്‍, ജിതിന്‍ലാല്‍ എന്നീ പ്രതികളാണ് ഒളിവിലുള്ളത്. പോലീസ് നാലുപാടും തപ്പിനടക്കുന്‌പോഴും കോഴിക്കോട് നഗരത്തില്‍തന്നെ സുരക്ഷിതകേന്ദ്രത്തിലാണ് അവരെന്നാണ് സൂചന.
പോലീസ് രാഷ്ട്രീയസമ്മര്‍ദത്തിനു വഴങ്ങുന്നതാണ് അറസ്റ്റ് വൈകാന്‍ കാരണമെന്നാണ് സുരക്ഷാജീവനക്കാര്‍ ആരോപിക്കുന്നത്. പോലീസിന്റെ ഭാഗത്തുനിന്ന് തങ്ങള്‍ക്ക് നീതികിട്ടുന്നില്ലെന്ന് അവര്‍ പറയുന്നു. സംഭവം നടന്ന് ഒമ്പതുദിവസം കഴിഞ്ഞശേഷമാണ് ആദ്യത്തെ അഞ്ചു പ്രതികള്‍ കീഴടങ്ങിയത്. ഇതില്‍ പോലീസും സി.പി.എമ്മും ഒത്തുകളിക്കുന്നുണ്ടെന്ന ശക്തമായ ആക്ഷേപമുയര്‍ന്നിരുന്നു. ശക്തമായ വിമര്‍ശനമുയര്‍ന്നശേഷമാണ് പോലീസ് നടപടികളിലേക്ക് നീങ്ങിയത്.
മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയതുകൊണ്ടാണ് രണ്ടു പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതെന്നാണ് പോലീസ് പറയുന്നത്. പ്രതികള്‍ എത്താന്‍ സാധ്യതയുള്ള ബന്ധുവീടുകളിലടക്കം റെയ്ഡ് നടത്തിയിരുന്നെന്നും ഇപ്പോഴും തിരച്ചില്‍ തുടരുന്നെന്നും പോലീസ് പറയുന്നു. പോലീസ് പ്രതികളെ പിടികൂടാനുള്ള നടപടികള്‍ ശക്തമാക്കിയതോടെ നടപടി ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്കെതിരായ കടന്നാക്രമണമെന്നാണ് പോലീസിനിടയിലുള്ള അഭിപ്രായം. പ്രതി സ്വന്തം മൊബൈല്‍ ഫോണും സിം കാര്‍ഡും ഒഴിവാക്കിയിട്ടുണ്ടെങ്കിലും മറ്റാരുടെയോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളുമായി ഇടപെടുന്നവരുടെയൊക്കെ ഫോണുകള്‍ പോലീസ് നിരീക്ഷിക്കുന്നുണ്ടെങ്കിലും പ്രതികള്‍ ആരുമായും ബന്ധപ്പെടുന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ല. അതുകൊണ്ടുകൂടിയാണ് കണ്ടെത്താന്‍ കഴിയാത്തതെന്നും പോലീസ് പറയുന്നു.
നേരത്തേ മെഡിക്കല്‍ കോളേജിലെ ഡോക്ടറെ ഒരാള്‍ മര്‍ദിച്ച സംഭവത്തിലും പോലീസിനുനേരെ ശക്തമായ വിമര്‍ശനമുയര്‍ന്നതോടെ രണ്ടാഴ്ചയോളം കഴിഞ്ഞാണ് പ്രതികളെ പിടിച്ചത്. സുരക്ഷാജീവനക്കാരെ ആക്രമിച്ച കേസില്‍ അഞ്ചു പ്രതികളെ ഹാജരാക്കും, മറ്റുള്ളവരെ തത്കാലം അറസ്റ്റുചെയ്യരുതെന്നാണ് ഒരു സി.പി.എം. ജില്ലാ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം സിറ്റി പോലീസ് കമ്മിഷണറെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. അന്ന് കമ്മിഷണര്‍ സമ്മതിച്ചെങ്കിലും മറ്റു രണ്ടു പ്രതികളെക്കൂടി കിട്ടണമെന്ന് അദ്ദേഹം നിലപാട് കടുപ്പിച്ചു. മാത്രമല്ല നിരന്തരപരിശോധനകൂടെ തുടര്‍ന്നതോടെ സി.പി.എം. നേതൃത്വം ഒടുവില്‍ സിറ്റി പോലീസ് മേധാവിയെത്തന്നെ കടന്നാക്രമിക്കുകയായിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വാദംകേള്‍ക്കുന്നുണ്ട്.
Content Highlights: kozhikode medical college dyfi kerala police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..