പ്രതീകാത്മക ചിത്രം/AP
കോഴിക്കോട്: പ്രളയദുരിതാശ്വാസത്തിൽനിന്ന് അനർഹരായവർക്ക് ഒന്നരക്കോടിയോളം രൂപ വിതരണംചെയ്ത സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്താനോ, വീഴ്ചസംഭവിച്ചതെവിടെയെന്ന് മനസ്സിലാക്കാനോ കഴിയാതെ അന്വേഷണം ഒരുവർഷമായി ഇഴയുന്നതിനിടെ സസ്പെൻഷനിലായ ഉദ്യോഗസ്ഥനെ തിരികെ സർവീസിൽ പ്രവേശിപ്പിച്ചു.
2019-ലെ പ്രളയകാലത്ത് ദുരിതാശ്വാസത്തിന് അപേക്ഷിക്കുകപോലും ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കായി ഒന്നരക്കോടി രൂപയോളം അനർഹമായി കൈമാറിയ സംഭവം നേരത്തേ മാതൃഭൂമിയാണ് പുറത്തുകൊണ്ടുവന്നത്. വാർത്തയെത്തുടർന്ന് വിഷയം അന്വേഷിക്കാൻ ജില്ലാ ഫിനാൻസ് ഓഫീസറെ (എഫ്.ഒ.) നിയോഗിച്ചു. ക്രമക്കേട് ശരിവെച്ചുകൊണ്ടുള്ള റിപ്പോർട്ടാണ് എഫ്.ഒ. കളക്ടർക്ക് സമർപ്പിച്ചത്.
അപ്പോഴും ക്രമക്കേട് നടത്തിയത് ആരാണെന്നതിൽ അവ്യക്തത തുടർന്നു. പിന്നാലെ ഡെപ്യൂട്ടി കളക്ടർ ഷാമിൽ സെബാസ്റ്റ്യനെയും അന്വേഷിക്കാൻ നിയോഗിച്ചു. രണ്ടു റിപ്പോർട്ടുകളും ക്രമക്കേട് ശരിവെച്ചെങ്കിലും കുറ്റക്കാർ ആരെന്ന് സൂചനനൽകുന്നില്ല. അതേസമയം അന്ന് കളക്ടറേറ്റിൽ ജോലിചെയ്തെന്ന് പറഞ്ഞ് ജയകാന്തിനെ സസ്പെൻഡ് ചെയ്തു. എങ്കിലും ഇത്രയും തുക കൈമാറുമ്പോൾ ഉത്തരവാദപ്പെട്ട തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ തുടങ്ങിയവർ എന്തുകൊണ്ട് അറിയാതെപോയി എന്ന കാര്യം അന്വേഷണറിപ്പോർട്ടുകളിൽ എവിടെയും പറയുന്നില്ല.
ആറുമാസമായിട്ടും സസ്പെൻഷൻ പിൻവലിക്കാത്തതിനെ തുടർന്ന് ജൂനിയർ സൂപ്രണ്ട് ജയകാന്ത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. ട്രിബ്യൂണൽ കേസ് പരിഗണിക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം സസ്പെൻഷൻ പിൻവലിച്ച് താമരശ്ശേരി താലൂക്കിൽ തിരികെ പ്രവേശിപ്പിച്ചത്. 12 മാസത്തോളം ജയകാന്തന്‍ സസ്പെൻഷനിൽ കഴിയേണ്ടിവന്നു.
സസ്പെൻഡ് ചെയ്തത് ഡ്യൂട്ടിക്ക് നിയോഗിക്കാത്ത ആളെ
പ്രളയദുരിതാശ്വാസഫണ്ട് വിതരണത്തിന്റെ ചുമതലയില്ലാതിരുന്ന നഗരം വില്ലേജ് ഓഫീസറായ ജയകാന്തനെ സസ്പെൻഡ് ചെയ്തത് അന്യായനടപടിയാണെന്ന് അന്നേ ആക്ഷേപമുയർന്നിരുന്നു. ഡെപ്യൂട്ടി തഹസിൽദാറിന് സമാനമായ പദവിയിലിരിക്കുന്ന തന്നെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം ലാൻഡ് റവന്യൂ കമ്മിഷണർക്ക് മാത്രമേയുള്ളൂ. കളക്ടറുടെ നടപടി അധികാരലംഘനമാണെന്ന് കാണിച്ചാണ് ജയകാന്തൻ ട്രിബ്യൂണലിനെ സമീപിച്ചത്. കളക്ടറുടെ നടപടിയെ ഒരു മാസത്തേക്ക് ട്രിബ്യൂണൽ സ്റ്റേചെയ്തിട്ടുണ്ട്.
തിരിച്ച് സർവീസിൽ പ്രവേശിപ്പിച്ചുകൊണ്ടുള്ള കളക്ടറുടെ ഉത്തരവിൽ സ്റ്റേയുടെ കാര്യം പരാമർശിക്കുന്നില്ല. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ തിരിച്ചെടുക്കുന്നു എന്നാണ് പറയുന്നത്. കളക്ടറേറ്റിൽ ജോലിക്ക് നിയോഗിക്കാതെ എങ്ങനെ നഗരം വില്ലേജ് ഓഫീസറായ താൻ ഫണ്ട് തിരിമറിയിൽ കുറ്റക്കാരനാവുമെന്നാണ് ജയകാന്തൻ ട്രിബ്യൂണൽമുമ്പാകെ ചോദിക്കുന്നത്.
ക്രമക്കേടിന്റെ സൂത്രധാരന്മാർ സുരക്ഷിതർ
അനർഹരായവർക്ക് ദുരിതാശ്വാസസഹായം അനുവദിച്ച് വൻക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർ ഇപ്പോഴും സുരക്ഷിതരായി സർവീസിൽ തുടരുന്നു.
ഇതിൽ ഉൾപ്പെട്ട ചില ഉന്നതർ ഇതിനിടെ സർവീസിൽനിന്ന് വിരമിക്കുകയും ചെയ്തു. നേരത്തേ പ്രകൃതിക്ഷോഭമുണ്ടായപ്പോൾ ദുരിതാശ്വാസസഹായമായ പതിനായിരം രൂപ ഒന്നിലേറേ തവണ മാറിനൽകിപ്പോയ സംഭവവും ഉണ്ടായിട്ടുണ്ട്. 9000 പേർക്ക് ഇങ്ങനെ നൽകിയെങ്കിലും പിന്നീട് ഈ തുക തിരിച്ചുപിടിക്കാൻ സാധിച്ചിട്ടില്ല.
ദുരിതാശ്വാസസഹായവിതരണത്തിൽ കോടികളുടെ ക്രമക്കേട് നടന്നിട്ടും ഇതിന് ഉത്തരാവാദികളായവർ ആരാണെന്ന് കണ്ടെത്താതെ കേസ് മൂടിവെക്കാനാണ് ശ്രമിക്കുന്നത്. 50,000 രൂപയ്ക്ക് മുകളിലുള്ള ക്രമക്കേട് കണ്ടെത്തിയാൽ അത് പോലീസ് വിജിലൻസിന് കൈമാറണം.
ഒരു വർഷമായിട്ടും വിജിലൻസിന് കൈമാറിയിട്ടില്ല. കളക്ടറേറ്റിൽ തന്നെ പ്രവർത്തിക്കുന്ന റവന്യൂ വിജിലൻസ് വിഭാഗത്തിനുപോലും അന്വേഷണം കൈമാറാതെ കളക്ടറേറ്റിലെ ഉന്നതർ കേസ് ഒതുക്കിത്തീർക്കാനാണ് ശ്രമിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..