ഞെളിയൻപറമ്പിലെ മാലിന്യക്കൂമ്പൂരത്തിൽ ജോലിയെടുക്കുന്ന തൊഴിലാളി (ഫയൽ ചിത്രം). ഫോട്ടോ:മാതൃഭൂമി
കോഴിക്കോട്: ഞെളിയന്‍ പറമ്പിലെ മാലിന്യ സംസ്‌കരണത്തിന് കോഴിക്കോട് കോര്‍പ്പറേഷന്‍ സോണ്‍ടയുമായി കരാര്‍ ഉറപ്പിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന ആരോപണവുമായി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍.
മുഖ്യന്ത്രിയുടെ അറിവോടെ മുകളില്‍ നിന്ന് ഉറപ്പിച്ച കച്ചവടമാണ് കോഴിക്കോട്ടേത്. മുഖ്യമന്ത്രിയുടെ ഓഫീസ് വഴിയാണ് ഫയലുകള്‍ എല്ലാം നീങ്ങിയത്. മുഖ്യമന്ത്രിയുടെ ടെക്‌നികല്‍ സെക്രട്ടറി എം സി ദത്തന്‍ 2019 ല്‍ ഞെളിയന്‍ പറമ്പില്‍ നേരിട്ട് എത്തിയിരുന്നു. ചീഫ് സെക്രട്ടറിയാണ് ഇപ്പോഴും ഞെളിയന്‍ പറമ്പുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യുന്നത്. ഇതെല്ലാം തെളിയിക്കുന്നത് സോണ്‍ടയുമായുള്ള കരാറില്‍ മുഖ്യമന്ത്രിക്കുള്ള താത്പര്യമാണ് കാണിക്കുന്നതെന്നും പ്രതിപക്ഷ കൗണ്‍സിലറും കക്ഷി നേതാവുമായ കെ സി ശോഭിത ആരോപിച്ചു.
വേസ്റ്റ് റ്റു എനർജി പദ്ധതിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച അനുബന്ധ കമ്പനി(എസ്.പി.വി.)യെ എല്ലാ ബാധ്യതകളിൽനിന്നും ഒഴിവാക്കി കെ.എസ്.ഐ.ഡി.സി. കത്തും നൽകി. ഇതു സർക്കാരിന്റെ താത്പര്യം കൊണ്ടാണെന്നും കെ.സി. ശോഭിത ആരോപിച്ചു.
8.24 ലക്ഷം രൂപ പദ്ധതിയുടെ തുടക്കത്തില്‍ തന്നെ നല്‍കി. 1.15 കോടിരൂപ 2020 ലും 49.19 ലക്ഷം രൂപ അതിന് ശേഷവും നല്‍കി. 2023 ല്‍ 82.39 ലക്ഷം രൂപയും നല്‍കി. ബയോ മൈനിങ് ഉള്‍പ്പടെ യാതൊരു പ്രവര്‍ത്തിയും ഞെളിയന്‍ പറമ്പില്‍ നടന്നിട്ടില്ലെന്ന് കോര്‍പ്പറേഷന്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും സോണ്‍ടയ്ക്ക് ഇത്രയും തുക നല്‍കിയത് ആരുടെ താത്പര്യം കൊണ്ടാണ് എന്ന് മേയര്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലാണ് ഞെളിയന്‍ പറമ്പ് ഉള്ളത്. മണ്ഡലത്തിലെ ജനങ്ങളുടെ ആശങ്കയില്‍ മന്ത്രി ഇടപെടാത്തത് എന്താണെന്നും പ്രതിപക്ഷം ചോദിച്ചു.
കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ബഹളം
കോഴിക്കോട് കോര്‍പ്പറേഷനില്‍ ചേര്‍ന്ന സ്‌പെഷ്യല്‍ കൗണ്‍സിലില്‍ നിന്നും ബി ജെ പി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ഞെളിയന്‍ പറമ്പില്‍ സോണ്‍ടയുമായുള്ള കരാറിനെ കുറിച്ച് കഴിഞ്ഞ കൗണ്‍സിലില്‍ മേയറുടെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിഷയം പഠിക്കാന്‍ സമയം കിട്ടിയില്ലെന്നും അടുത്ത കൗണ്‍സിലില്‍ വരെ സമയം വേണമെന്നും മേയര്‍ ആവശ്യപ്പെട്ടതോടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. കരാറില്‍ അടിമുടി ദുരൂഹത ഉള്ളത് കൊണ്ടാണ് മേയര്‍ വിശദീകരണം നല്‍കാന്‍ മടിക്കുന്നതെന്ന് ബി ജെ പി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
Content Highlights: Kozhikode Corporation signed the contract with Zonta with the knowledge of the Chief Minister
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..