പഞ്ചാബ് നാഷണൽ ബാങ്കിലേക്ക് എൽ.ഡി.എഫ്. നടത്തിയ മാർച്ച് | Photo: Mathrubhumi
കോഴിക്കോട്: പി.എന്‍.ബി. ബാങ്കില്‍നിന്ന് കോർപറേഷന്റെ പണം തട്ടിയ സംഭവത്തില്‍ സി.ബി.ഐ. അന്വേഷണത്തിന് സാധ്യത. തട്ടിപ്പ് നടന്നത് പൊതുമേഖലാ ബാങ്ക് ആയതിനാലാണ് സി.ബി.ഐ. അന്വേഷണത്തിന് സാധ്യത തെളിയുന്നത്. മൂന്ന് കോടിയിലധികം ക്രമക്കേട് നടന്നാല്‍ ബാങ്ക് സി.ബി.ഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചട്ടം. ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയില്‍ ചെന്നൈയില്‍ നിന്നുള്ള ബാങ്ക് ഉദ്യോഗസ്ഥര്‍ വിശദപരിശോധന നടത്തുന്നുണ്ട്. പരിശോധിച്ച് തുക കൃത്യമായി കണക്കാക്കിയ ശേഷം ബാങ്ക് സി.ബി.ഐയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ബാങ്ക് ക്രമക്കേട് നടത്തിയത് കോര്‍പ്പറേഷന്റെ ഒത്താശയോടെയെന്ന യു.ഡി.എഫ്. ആരോപണത്തില്‍ കഴമ്പില്ലെന്ന് ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് പറഞ്ഞു. പേ സ്ലിപിലൂടെയോ ചെക്കിലൂടെയോ അല്ല തട്ടിപ്പ് നടത്തിയത്. ബാങ്കിലെ ഒരു ഉദ്യോഗസ്ഥന് വിചാരിച്ചാല്‍ എന്തും ചെയ്യാന്‍ പറ്റുന്ന സ്ഥിതിയാണുള്ളത്. വര്‍ഷങ്ങളായി നടപ്പാക്കാന്‍ കഴിയാത്ത പദ്ധതികളുടെ ഉള്‍പ്പടെയുള്ള പണമാണ് അക്കൗണ്ടുകളില്‍ ഉള്ളതെന്നും മുസാഫിര്‍ അഹമ്മദ് പറഞ്ഞു.
അതിനിടെ, കോഴിക്കോട് കോര്‍പ്പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് ലിങ്ക് റോഡ് ബ്രാഞ്ചില്‍ നിന്ന് 14.5 കോടി രൂപ അപ്രത്യക്ഷമായ സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ്. ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. തുക ഉടന്‍ തിരിച്ച് നല്‍കിയില്ലെങ്കില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുഴുവന്‍ ബ്രാഞ്ചിന്റേയും പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനന് പറഞ്ഞു. പണം നിക്ഷേപിച്ച മുഴുവന്‍ വ്യക്തികളുടേയും പണം സുരക്ഷിതമാണെന്ന് ബാങ്ക് ഉറപ്പ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാങ്കിന്റെ ലിങ്ക് റോഡ് ശാഖാ മുന്‍ മാനേജര്‍ എം.പി. റിജില്‍ 14.5 കോടി രൂപയാണ് ഒക്ടോബര്‍ നവംബര്‍ മാസത്തില്‍ തട്ടിയെടുത്തത്. ഇതില്‍ രണ്ടര കോടി രൂപ ബാങ്ക് കഴിഞ്ഞദിവസം തിരിച്ച് നല്‍കിയിരുന്നു.
Content Highlights: kozhikode corporation punjab national bank financial fraud cbi enquiry
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..