പ്രതീകാത്മക ചിത്രം | Photo: Channi Anand/ AP
കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിലുള്ള അക്കൗണ്ടുകളില്‍നിന്ന് തങ്ങള്‍ ആവശ്യപ്പെടാതെ 2.53 കോടി രൂപ ക്രമവിരുദ്ധമായി പിന്‍വലിച്ചിട്ടുണ്ടെന്ന് കോഴിക്കോട് കോര്പ്പറേഷന്. റെയില്‍വേ സ്റ്റേഷന് ലിങ്ക്റോഡിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ മുന്‍ മാനേജര്‍ 98 ലക്ഷം രൂപ തട്ടിയെടുത്തതായി നിലവിലെ മാനേജര്‍ കഴിഞ്ഞദിവസം ടൗണ്‍സ്റ്റേഷനില്‍ പരാതിനല്‍കിയിരുന്നു. എന്നാല്‍, രണ്ടരക്കോടിയിലേറെ നഷ്ടപ്പെട്ടെന്നാണ് കോര്പ്പറേഷന് സെക്രട്ടറി ടൗണ്‍സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
കോര്‍പ്പറേഷന്റെയും ബാങ്കിന്റെയും കണക്കുകള്‍ തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്. മുന്‍ മാനേജര്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് 98 ലക്ഷം രൂപ മാറ്റിയെന്നാണ് ഇപ്പോഴുള്ള മാനേജര്‍ പോലീസില്‍ പരാതിനല്‍കിയത്. അതേസമയം, കോടികളുടെ ഇടപാട് ക്രമവിരുദ്ധമായി നടന്നിട്ടുണ്ടെന്നാണ് ബാങ്കുമായി ബന്ധപ്പെട്ടവരുടെതന്നെ ആരോപണം.
പി.എന്‍.ബി. ലിങ്ക് റോഡ് ശാഖയില്‍ കോര്പ്പറേഷന് വിവിധ ആവശ്യങ്ങള്‍ക്കായുള്ള 13 അക്കൗണ്ടുകളുണ്ട്. സപ്ലിമെന്ററി ന്യൂട്രീഷന്‍ ഫണ്ടുമായി(എസ്.എന്‍.പി.) ബന്ധപ്പെട്ട് ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് കോര്പ്പറേഷന് ക്രമക്കേട് തിരിച്ചറിഞ്ഞത്. സി.ഡി.പി.ഒ. ഐ.സി.ഡി.എസ്. അര്‍ബന്‍ II ല്‍ സപ്ലിമെന്ററി ന്യൂട്രീഷ്യനുമായി ബന്ധപ്പെട്ട് 4,82,675 രൂപയുടെ ഇടപാട് നടത്താനുണ്ടായിരുന്നു. അക്കൗണ്ട്സ് വിഭാഗം ബാലന്‍സ് പരിശോധിച്ചപ്പോള്‍ 2,77,068 രൂപ മാത്രമേ അക്കൗണ്ടിലുള്ളൂവെന്ന് വ്യക്തമായി. തുടര്‍ന്ന് ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് ഒക്ടോബര്‍ 12, 14, 20, 25, നവംബര്‍ ഒന്ന് തീയതികളിലായി കോര്പ്പറേഷന് അറിയാതെ 98,59,556 രൂപ പിന്‍വലിച്ചകാര്യം വ്യക്തമായത്. ഇടപാടില്‍ പിശക് പറ്റിയതിനാല്‍ അക്കൗണ്ടിലേക്ക് തിരിച്ചിടാമെന്ന് ബാങ്ക് മാനേജര്‍ അറിയിക്കുകയും അതിനുശേഷം അക്കൗണ്ടിലേക്കിട്ടതിന്റെ വിശദാംശങ്ങള്‍ നല്‍കുകയും ചെയ്തു.
പിന്നീട് ഇ-പേമെന്റ് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോഴാണ് കൂടുതല്‍ ക്രമക്കേടുകള്‍ നടന്നതായി വ്യക്തമായത്. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കുന്നതിന് തനതുഫണ്ടില്‍ തുകയില്ലാത്തതിനാല്‍ ഇ-പേമെന്റ് അക്കൗണ്ടില്‍നിന്ന് അഞ്ചുകോടി മാറ്റി നിക്ഷേപിക്കാന്‍ കോര്പ്പറേഷന് ബാങ്ക് മാനേജര്‍ക്ക് അപേക്ഷ നല്കി. അതുപ്രകാരം തുകലഭിച്ചശേഷം നവംബറിലെ സ്റ്റേറ്റ്മെന്റ് നോക്കിയപ്പോഴാണ് വിവിധദിവസങ്ങളിലായി 2,53,59,556 രൂപ കോര്പ്പറേഷന് അറിയാതെ പിന്‍വലിച്ച കാര്യം വ്യക്തമായെതെന്ന് സെക്രട്ടറി കെ.യു. ബിനി പറഞ്ഞു.
നേരത്തേ ഇടപാടില്‍ പിശകുപറ്റി തിരിച്ചടച്ചെന്ന് പറഞ്ഞ 98.59 ലക്ഷം രൂപയും കോര്‍പ്പറേഷന്റെതന്നെ മറ്റൊരു അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ച് എസ്.എന്‍.പി. ഫണ്ടിലേക്ക് മാറ്റുകയാണ് ചെയ്തിട്ടുള്ളത്. ക്രമക്കേട് മറച്ചുവെക്കാന്‍ കോര്‍പ്പറേഷന്റെതന്നെ തുക തിരിമറി നടത്തുകയാണ് മാനേജര്‍ ചെയ്തിട്ടുള്ളതെന്നാണ് പരാതിയില്‍നിന്ന് വ്യക്തമാകുന്നത്. ഇടപാടുകളുമായി ബന്ധപ്പെട്ട് എല്ലാരേഖകളും ഹാജരാക്കാന്‍ ടൗണ്‍ പോലീസ് ബാങ്ക് മാനേജരോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്‍ മാനേജരെ സസ്പെന്‍ഡ് ചെയ്തു
സംഭവവുമായി ബന്ധപ്പെട്ട് മുന്‍ മാനേജരെ ബാങ്ക് സസ്പെന്‍ഡ് ചെയ്തു. ചെന്നൈ സോണലില്നിന്നുള്ള സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്തത്. ഇദ്ദേഹം നിലവില്‍ ബാങ്കിന്റെ മറ്റൊരുശാഖയില് ജോലിചെയ്യുകയാണ്.
Content Highlights: punjab national bank, kozhikode corporation, illegally withdrawn 2.53 crores, ex-manager suspended
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..