കോഴിക്കോട് കോർപ്പറേഷൻ ഓഫീസ് | Photo - Mathrubhumi archives
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍നിന്ന് കാണാതായ രണ്ടരക്കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്ക് തിരിച്ചു കൊടുത്തു. 2.53 കോടി രൂപയാണ് തിരിച്ച് നല്‍കിയത്. ബാങ്കിന്റെ ലിങ്ക് റോഡ് ശാഖാ മുന്‍ മാനേജര്‍ എം.പി റിജില്‍ തട്ടിയെടുത്ത തുകയാണ് ബാങ്ക് തിരികെ നല്‍കിയത്. ഈ തുക കോര്‍പ്പറേഷന്റെ പണം നഷ്ടപ്പെട്ട അതേ അക്കൗണ്ടിലേക്ക് തന്നെ മാറ്റി നല്‍കുകയായിരുന്നു. ഇത്രയും തുക ബാങ്കിന്റെ മുന്‍ ശാഖാ മാനേജര്‍ റിജില്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
കോര്‍പ്പറേഷന്റെ ഓഡിറ്റിങ്ങിലാണ് പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് ബാങ്കിലും പൊലീസിലും പരാതി നല്കി. എന്നാല്‍ 98 ലക്ഷം രൂപ മാത്രമേ നഷ്ടപ്പെടിട്ടുള്ളൂ എന്നാണ് ബാങ്ക് അധികൃതരുടെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. അതേസമയം രണ്ടര കോടി രൂപ തന്നെയാണ് നഷ്ടപ്പെട്ടത് എന്ന പരാതിയില്‍ കോര്പ്പറേഷന് ഉറച്ചുനിന്നു. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് 2.53 കോടി രൂപ കോര്‍പ്പറേഷന്റെ അക്കൗട്ടില്‍ നിന്നും തട്ടിയെടുത്ത കാര്യം സ്ഥിരീകരിച്ചത്. ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റില്‍ കോര്പ്പറേഷന് പറഞ്ഞ അത്രയും തുക നഷ്ടപ്പെട്ടിട്ടുണ്ടെന് ബാങ്ക് സ്ഥിരികരീച്ചതോടെയാണ് പണം തിരികെ നല്‍കിയത്.
പണം തട്ടിയെടുത്ത റിജിലിനെതിരെ നിലവിലെ ബാങ്ക് മാനേജറും പരാതി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ വിശ്വാസ വഞ്ചനയ്ക്കും തട്ടിപ്പിനും ടൗണ്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ബാങ്കിലെത്തി അക്കൗണ്ട് ട്രാന്‍സാക്ഷന്റെ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. പണം തിരിച്ച് കിട്ടിയെങ്കിലും ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനെ സമീപിക്കാനാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ തീരുമാനം. ഒക്ടോബര്‍ നവംബര്‍ മാസത്തിലാണ് റിജില്‍ ആദ്യം അച്ഛന്റെ പിഎന്‍ബി അക്കൗണ്ടിലേക്കും പിന്നീട് ആക്സിസ് ബാങ്ക് അക്കൗണ്ടിലേക്കും പണം മാറ്റിയത്. പഞ്ചാബ് നാഷണല്‍ ബാങ്കിലെ സീനിയര്‍ മാനേജരായ ഇയാള്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.
Content Highlights: Kozhikode corporation 2.5 crores punjab national bank
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..