കോഴിക്കോട്: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ജനുവരി മൂന്നിന്‌ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കോഴിക്കോട് മിഠായി തെരുവില്‍ നടന്ന അക്രമ സംഭവങ്ങളില്‍ വിശദീകരണവുമായി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ രംഗത്തെത്തി. അന്ന് ഡി.വൈ.എസ്.പി  പദവിയിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മിഠായി തെരുവില്‍ 40 പോലീസുകാരെ വിന്യസിച്ചിരുന്നുവെന്നും കൃത്യമായ നിര്‍ദേശങ്ങള്‍ നേരിട്ടെത്തി നല്‍കിയിരുന്നുവെന്നും അദ്ദേഹം മാതൃഭൂമി ഡോട്‌കോമിനോട് പ്രതികരിച്ചു.

അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതിന്റെ ഭാഗമായാണ് കാര്യങ്ങള്‍ കൈവിട്ട് പോവാതിരുന്നത്. അല്ലെങ്കില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും കര്‍മസമിതി പ്രവര്‍ത്തകരും തമ്മില്‍ മിഠായി തെരുവിന്റെ നടുവില്‍ വെച്ച് വലിയ സംഘര്‍ഷമുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ഏഴ് മണിക്കും ഒമ്പത് മണിക്കും പ്രകടനം നടക്കുന്ന സമയത്തുമെല്ലാം സ്ഥലത്തുണ്ടായിരുന്നു. ഉദ്യോഗസ്ഥരോട് സ്ഥലത്തിന്റൈ സ്‌കെച്ചും മറ്റ് കാര്യങ്ങളുമെല്ലാം വിശദീകരിച്ച് കൊടുക്കുകയും ചെയ്തതാണ്. മറിച്ചുള്ള ആരോപണങ്ങള്‍ ശരിയല്ല. വലിയ സംഘര്‍ഷത്തിലേക്ക് പോവുമായിരുന്ന ഹര്‍ത്താല്‍ ദിനത്തെ ആവുന്ന രീതിയില്‍ സാധാരണ നിലയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് അവിടെയുള്ള പോലീസുകാരുടെ പ്രവര്‍ത്തനം കൊണ്ടായിരുന്നുവെന്നും കമ്മീഷണര്‍ ചൂണ്ടിക്കാട്ടി.   

ഹര്‍ത്താല്‍ ദിനത്തില്‍ മിഠായി തെരുവില്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞപ്പോള്‍ വാഗ്ദാനം ചെയ്ത സുരക്ഷ നല്‍കാന്‍ കഴിഞ്ഞില്ലെന്നും അക്രമം ഉണ്ടാവാന്‍ കാരണം സിറ്റി പോലീസ് കമ്മീഷണറാണെന്നും ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു കമ്മീഷണര്‍. ഉദ്യോഗസ്ഥന് എന്തെങ്കിലും പ്രത്യേക താല്‍പര്യമുഉള്ളത് കൊണ്ടാവാം ഇങ്ങനെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ തന്നോടെങ്കിലും ചോദിക്കാമായിരുന്നു. ശബരിമലയിലേക്കും കാസര്‍കോടേക്കും  പോലീസുകാരെ വലിയ രീതിയില്‍ ജോലിക്ക് നിയോഗിക്കേണ്ടി വന്നു. എങ്കിലും ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൃത്യമായി പ്രവര്‍ത്തിച്ചുവെന്നും കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. 

സ്വന്തം സുരക്ഷയ്ക്ക് സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെ താന്‍ കൊണ്ടു നടക്കുന്നുവെന്നാണ് മറ്റൊര് ആരോപണം. ഇത് കാര്യങ്ങളെ കുറിച്ച് വ്യക്തതയില്ലാത്തത് കൊണ്ട് പറയുന്നതാണ്. സ്‌ട്രൈക്കിംഗ് ഫോഴ്‌സ് എന്നത് അടിയന്തര ഘട്ടത്തില്‍ പ്രവര്‍ത്തിക്കാനുള്ളതാണ്. പ്രളയകാലത്തിലടക്കം സ്‌ട്രൈക്കിംഗ് ഫോഴ്‌സുകാര്‍ വഹിച്ച പങ്ക് എല്ലാവര്‍ക്കും അറിയാം. തന്റെ സുരക്ഷയ്ക്ക് വേണ്ടി മാത്രം ജോലി ചെയ്യുന്നവരല്ല അവര്‍. അറിവില്ലായ്മകൊണ്ട് എന്തെങ്കിലും പറയുകയെന്നത് ശരിയല്ല. അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Content Highlights:Kozhikode City Police Commissioner Clarify In Critizize Against Him From Police officers