
മരിച്ച ജിഷ്ണു, ജിഷ്ണുവിന്റെ അച്ഛൻ സുരേഷ് കുമാർ.
കോഴിക്കോട്: ചെറുവണ്ണൂര്‍ സ്വദേശി ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വീഴ്ചയില്‍ ഉണ്ടായ മുറിവാണ് അപകട കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഷ്ണുവിന്റെ തല കല്ലില്‍ ഇടിച്ച് ആഴത്തില്‍ പരിക്കേല്‍ക്കുകയും വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ തുളഞ്ഞ് കയറുകയും ചെയ്തിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന് ലഭിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന നിഗമനത്തിലാണ് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച്.
ഏപ്രില്‍ 26ന് രാത്രിയാണ് ജിഷ്ണുവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോക്സോ കേസുമായി ബന്ധപ്പെട്ട് ഇതേദിവസം രാത്രി നല്ലളം പോലീസ് ജിഷ്ണുവിനെ അന്വേഷിച്ച് വീട്ടില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജിഷ്ണുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിഷ്ണു പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരിച്ചതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
പോലീസ് പ്രതിയായ കേസ് ആയതിനാല്‍ പോലീസിനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ജിഷ്ണുവിന്റെ അച്ഛന് സുരേഷ് കുമാര്‍ മാതൃഭൂമി ഡോട്ട് കോമിനോടു പറഞ്ഞു. വീണതാണെങ്കില്‍ ഫോണോ പേഴ്സോ താഴെ വീഴണം, വാച്ചിന് കേടുപാട് ഉണ്ടാവണം. എന്നാല്‍ ഇതൊന്നും സംഭവിച്ചിട്ടില്ല. മരിച്ച ദിവസം 9.46-ന് അമ്മയെ വിളിച്ച് പോലീസ് പോയോ എന്ന് ജിഷ്ണു ചോദിച്ചിട്ടുണ്ട്. 9.55-നാണ് പോലീസ് വിളിച്ച് ഒരാള്‍ വഴിയില്‍ വീണ് കിടക്കുന്നുണ്ടെന്നും ജിഷ്ണു ആണോയെന്നും തൊട്ടടുത്ത വീട്ടില്‍ പറയുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോലീസ് വാഹനം അവിടെ ഉണ്ടായിട്ടും ആ വാഹനത്തില്‍ ജിഷ്ണുവിനെ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു. നാട്ടുകാര്‍ ഓട്ടോ വിളിച്ചാണ് ജിഷ്ണുവിനെ ആശുപത്രിയില്‍ കൊണ്ടുപോയത്. മൃതദേഹം കണ്ട സ്ഥലത്ത് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. പിറ്റേ ദിവസം വൈകിയാണ് സ്ഥലത്ത് സീന്‍ ഗാര്‍ഡ് വെച്ചത്. ഇത് തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ജിഷ്ണുവിന്റെ നമ്പറിലേക്ക് അമ്മയുടെ ഫോണില്‍ നിന്ന് വിളിച്ച് പോലീസ് പറഞ്ഞത് 'നീ റോഡില്‍ നില്ക്ക് 500 രൂപ ഫൈന്‍ അടയ്ക്കൂ എന്നാണ്'- ഇക്കാര്യവും ജിഷ്ണു വീട്ടില്‍ വിളിച്ച് പറഞ്ഞിട്ടുണ്ട്. ജിഷ്ണുവിന്റെ ചുവലിനും മുട്ടിനും നേരത്തെ തന്നെ തകരാറുകള്‍ ഉണ്ട്. പടികള്‍ കയറാനും കൈ കൊണ്ട് ഒരു സ്ഥലത്ത് പിടിച്ച് കയറാനും പ്രയാസമുള്ള ജിഷ്ണുവിന് ഒരിക്കലും അത്ര ഉയരത്തിലുള്ള മതിലില്‍ പിടിച്ച് കയറാന്‍ കഴിയില്ല. ജില്ലാ ക്രൈംബ്രാഞ്ചിന്റേത് പോലീസിനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും പരാതി നല്‍കുമെന്നും സുരേഷ് കുമാര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..