കോഴിക്കോട്:  നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ മലമ്പനി പടരുന്നു. ചേവായൂര്‍ പൊന്നങ്കോട്കുന്നില്‍ ആറുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. 

പനി തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അനോഫിലിസ് വര്‍ഗത്തില്‍പ്പെട്ട പെണ്‍കൊതുകുകളാണ് പനി പടര്‍ത്തുന്നത്. ഇവയെ നശിപ്പിക്കുന്നതിനായിള്ള സ്‌പ്രെയിങ് നടത്തിവരികയാണ്.

ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളിലായി പനിബാധിച്ചവരെ തിരിച്ചറിയുന്നതിനുള്ള സര്‍വേകളും നടത്തുന്നുണ്ട്. 

രക്തപരിശോധനയിലൂടെ മാത്രമേ പനി  തിരിച്ചറിയാന്‍ സാധിക്കൂ. പൊന്നങ്കോട്കുന്നില്‍ ബുധനാഴ്ച രക്തപരിശോധനാ ക്യാമ്പും ബോധവത്കരണ ക്ലാസ്സും നടക്കും.

ഇതരസംസ്ഥാന തൊഴിലാളികളുടെ ഇടയിലും രക്തപരിശോധനയും ബോധവത്കരണ ക്ലാസ്സുകളും നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

തുടക്കത്തില്‍ത്തന്നെ തിരിച്ചറിഞ്ഞാല്‍ ചികിത്സയിലൂടെ പൂര്‍ണമായും സുഖമാക്കാന്‍ സാധിക്കുന്ന രോഗമാണ് മലമ്പനി. പനിയുള്ളവര്‍ ചികിത്സ തേടണമെന്ന് അധികൃതര്‍ അറിയിച്ചു

രോഗലക്ഷണങ്ങള്‍ 

തുടര്‍ച്ചയായി ഇടവിട്ടുള്ള പനി, ശരീരത്തിന് വിറയില്‍, തലവേദന, പേശീ വേദന, ഛര്‍ദ്ദി, വയറിളക്കം.