പൈപ്പിനുള്ളിൽ നിന്നും പുറത്തേക്ക് വരുന്ന തൊഴിലാളി
പയ്യോളി: ദേശീയപാതാവികസനം ഏറക്കുറെ ആധുനികയന്ത്രങ്ങളാണ് നടത്തുന്നത്. യന്ത്രങ്ങളുടെ പിറകെയാണ് തൊഴിലാളികളുടെ അധ്വാനം. എന്നാല്‍, ഇതിനിടയില്‍ തൊഴിലാളിയുടെ ഓരോ തുള്ളി വിയര്‍പ്പിന്റെയും മഹത്ത്വമുള്ള ചില പ്രവൃത്തികളും നടക്കുന്നു. അത് എന്തെന്ന് നേരില്‍ കാണിച്ചുതരികയാണ് ഒരുകൂട്ടം തൊഴിലാളികള്‍. ദേശീയപാതാവികസനത്തിന്റെ ഭാഗമായി ജലവിതരണത്തിന്റെ പൈപ്പ് ലൈന്‍ ഇടുന്ന പ്രവൃത്തിയിലാണ് തൊഴിലാളിയുടെ ശാരീരികവും മാനസികവുമായ ശക്തി പരീക്ഷിക്കപ്പെടുന്നത്. ദേശീയപാതയില്‍നിന്ന് ഗവ. ടെക്നിക്കല്‍ ഹൈസ്കൂളിലേക്ക് പോകുന്ന റോഡിനുസമീപം അയനിക്കാടാണ് ഈ അത്യധ്വാനം നടക്കുന്നത്. ഇതിനായുള്ള തൊഴിലാളികളുടെ പ്രവൃത്തി കണ്ടാല്‍ ആരും അതിശയിച്ചുപോകും. കൗതുകവും ഒപ്പം പേടിയും ജനിപ്പിക്കുന്നതാണിത്.
വാട്ടര്‍ അതോറിറ്റിയുടെ തീരദേശത്തേക്കുള്ള ശുദ്ധജലവിതരണത്തിന്റെ പൈപ്പ് സ്ഥാപിക്കലാണ് ഇവിടെ നടക്കുന്നത്. ദേശീയപാത മുറിച്ച് പൈപ്പിടണം. 70 സെന്റീമീറ്റര്‍മാത്രം വ്യാസമുള്ള പൈപ്പിനകത്ത് കയറി അതിനുള്ളില്‍ കിടന്നാണ് മണ്ണ് ഇളക്കിമാറ്റുന്നത്. പൈപ്പിനകത്ത് കുനിഞ്ഞിരിക്കാന്ത്തന്നെ കഴിയില്ല. നാലുമീറ്റര്‍ നീളമാണ് ഒരു പൈപ്പിന്. ഇതിന് 588 കിലോ ഭാരമുണ്ട്. ഇതിനുള്ളിലൂടെ കയറി ചെറിയ കൈക്കൊട്ട് കൊണ്ട് മണ്ണ് ഇളക്കിയെടുക്കുകയാണ് തൊഴിലാളി. പൈപ്പിനകത്ത് കയറ്റാന്കഴിയുന്ന ട്രോളി കയര്‍കെട്ടി അതിനകത്ത് വിടും. ഈ ട്രോളിയിലെ ട്രേയില്‍ വെക്കുന്ന രണ്ട് ചെറിയപാത്രത്തില്‍ ഇളക്കിയെടുക്കുന്ന മണ്ണ് നിറയ്ക്കും. പരിമിതമായ ഈ മണ്ണ് പൈപ്പ് ലൈനിന്റെ പുറത്തുനില്‍ക്കുന്ന തൊഴിലാളി ട്രോളിയുടെ കയര്‍ വലിക്കുന്നതോടെ പുറത്തെത്തും. ഇങ്ങനെ സാഹസികമായാണ് റോഡിനടിയില്‍ തുരക്കുന്നത്.
മണ്ണുനീക്കുന്നതിനുസരിച്ച് ഹൈഡ്രോളിക് മെഷീന് ഉപയോഗിച്ച് പൈപ്പ് ഉള്ളിലേക്ക് കയറ്റിവിടും. ഇങ്ങനെ മണ്ണുനീക്കിയാണ് മൂന്നുദിവസംകൊണ്ട് നാലുമീറ്റര്‍ നീളമുള്ള ഒരു പൈപ്പ് ലൈന്‍ പൂര്‍ണമായി റോഡിനടിയിലാക്കിയത്. ഇതിനുപിന്നാലെ രണ്ടാമത്തേത് പകുതിയിലധികം നീങ്ങിക്കഴിഞ്ഞു. 50 മീറ്റര്‍ വീതി കടന്നുകിട്ടാന്‍ നാലുമീറ്റര്‍ നീളമുള്ള 12 പൈപ്പ് ഇടണം. 15 ദിവസംകൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് നിര്‍മാണമേറ്റെടുത്ത മലപ്പുറം മിഡ്ലാന്‍ഡ് എന്‍ജിനിയറിങ് കോണ്‍ട്രാക്ടിങ് കമ്പനിയുടെ മെക്കാനിക്കല്‍ മാനേജര്‍ സുലൈമാന്‍ പറയുന്നു.
പാറയൊക്കെ തുരക്കുന്ന വലിയ മെഷീന് ഈ ജോലികള്‍ക്ക് കൊണ്ടുവരാന്‍ കഴിയില്ല. ട്രഞ്ചലസ് ടെക്നോളജിയെന്നാണ് ഈ നിര്‍മാണത്തിന് പറയുകയത്രേ. ബിഹാറുകാരനായ ജസി ഉദീന്‍ മാലിക്കാണ് മെക്കാനിക്കല്‍ എന്‍ജിനിയര്‍. കൊല്‍ക്കത്തക്കാരനായ അനുകൂലാണ് കോണ്ട്രാക്ടര്. ഇവരും ബിഹാര്‍ സ്വദേശികളായ മുബറാക്ക്, മുഹമ്മദ് ആലം, മുക്കൂല് ആലം, നൂര്‍ ആലം, നസ്റുദ്ദീന്‍ എന്നീ ഏഴുപേരുമാണ് ജോലിചെയ്യുന്നത്. എല്ലാവരും 25-നും 30-നുമിടയില്‍ പ്രായമുള്ളവര്‍.
ഒരാള്‍ പൈപ്പിനകത്ത് കയറിയാല്‍ ഒരുമണിക്കൂര്മാത്രമേ പണിയെടുക്കൂ. പുലര്‍ച്ചെ നാലുമുതല്‍ തുടങ്ങുന്ന പണി രാത്രി 10 വരെ നീളും. ഒരുദിവസം നാലുമീറ്ററാണ് തുരക്കുക.
തുരങ്കം നീളുന്നതിനുസരിച്ച് പൈപ്പില്‍ കയറുന്ന തൊഴിലാളിയുടെ ശബ്ദംപോലും പുറത്തേക്കുകേള്ക്കില്ല. ഇതോടെ ഓക്സിജന്‍ സംവിധാനവും പൈപ്പിനകത്ത് സജ്ജീകരിക്കും. റോഡിനടിയിലേക്ക് പൈപ്പ് ലൈന്‍ ഇടാനായി റോഡരികില്‍ നാലുമീറ്റര്‍ ആഴത്തിലും രണ്ടുമീറ്റര്‍ വീതിയിലും ആദ്യം ജെ.സി.ബി. ഉപയോഗിച്ച് കുഴിയുണ്ടാക്കി. അതിനകത്തുനിന്നാണ് പ്രവൃത്തി നടക്കുന്നത്.
ആധുനിക ഉപകരണങ്ങളുടെ പെരുപ്പത്തിനിടയിലും കായികാധ്വാനത്തിന്റെ മഹത്ത്വത്തിനൊപ്പം ഓരോ വിയര്‍പ്പുതുള്ളിക്കും ഇവിടെ വിലയുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..