കൊച്ചിയിൽനിന്ന് 38 മണിക്കൂർകൊണ്ട് ഓടിയെത്തിയ കൊച്ചിൻ കപ്പൽശാലയിലെ വിരമിച്ച അസിസ്റ്റന്റ് എൻജിനിയർ നളിനാക്ഷൻ കുടുംബത്തോടൊപ്പം രാമനാട്ടുകര തിരിച്ചിലങ്ങാടിയിലെ വീട്ടിൽ
രാമനാട്ടുകര : 38 മണിക്കൂർ തുടർച്ചയായി ഓടിയോടി നളിനാക്ഷനും സംഘവും വീട്ടിലെ പടർന്നുപന്തലിച്ച മദ്രാസ്മുല്ല മരത്തിനു ചുവട്ടിൽ കാത്തുനിന്ന കുടുംബാംഗങ്ങൾക്കിടയിലേക്കെത്തി. കൊച്ചി കപ്പൽശാലയിൽ ഷിപ്പ് ബിൽഡിങ് വിഭാഗത്തിൽ അസിസ്റ്റന്റ് എൻജിനിയർ ആയി വിരമിച്ച നളിനാക്ഷൻ ഗേറ്റിന് മുന്നിൽ ഒരുക്കിയ നാട മുറിച്ചാണ് രാമനാട്ടുകര തിരിച്ചിലങ്ങാടിയിലെ ‘കടപ്പറമ്പിൽ’ വീട്ടിലേക്ക് കയറിയത്. 166 കിലോമീറ്റർ ദൂരം ഓടിയെത്തിയ സംഘത്തെ ആർത്തുവിളിച്ച് കുടുംബം വരവേറ്റു.
അയൽക്കാരും റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും ചേർന്ന് സ്വീകരണവും ഒരുക്കി.
ജൂൺ 30-ന് ജോലിയിൽനിന്ന് വിരമിച്ച നളിനാക്ഷനെ ഓടി വീട്ടിലെത്തിക്കാൻ തീരുമാനിച്ചത് ‘പനമ്പിള്ളി നഗർ റണ്ണേഴ്സ്’ ആയിരുന്നു. 38 വർഷമായി കൊച്ചിയിൽ താമസിക്കുന്ന നളിനാക്ഷനും ഭാര്യ അജയയും ‘പനമ്പിള്ളി നഗർ റണ്ണേഴ്സി’ലെ സ്ഥിരം ഓട്ടക്കാരായിരുന്നു.
ശനിയാഴ്ച പുലർച്ചെ തുടങ്ങിയത് മുതൽ നിർത്താതെയുള്ള ഓട്ടമായിരുന്നു. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും മാത്രമാണ് ഓട്ടം നിർത്തിയത്. ഞായറാഴ്ച രാവിലെ 8.30-ന് പ്രാതലിനുശേഷം തിരൂർ പോലീസ് സ്റ്റേഷന് സമീപത്തുനിന്ന് ഓട്ടം തീരദേശ റോഡിലൂടെ ആയി. ചമ്രവട്ടം മുതൽ വീട്ടിൽ എത്തുന്നതുവരെയുള്ള റോഡിലെ വാഹനത്തിരക്ക് ഓട്ടത്തിന് പ്രയാസം ഉണ്ടാക്കിയതായി സംഘാംഗങ്ങൾ പറഞ്ഞു. എ.വി.ടി.യിൽ ഉദ്യോഗസ്ഥനായ ബിജുവാണ് സംഘത്തിന്റെ ക്യാപ്റ്റൻ.
നാട്ടിൽ എത്തിയെങ്കിലും ഓട്ടം മുടക്കുവാൻ ഉദ്ദേശിക്കുന്നിെല്ലന്ന് നളിനാക്ഷനും ഭാര്യയും വ്യക്തമാക്കി. നാട്ടിലെ തിരക്ക് കുറഞ്ഞ റോഡുകളിൽ ഓടാനാണ് ഉദ്ദേശിക്കുന്നത്. കൊച്ചിയിൽ ദിവസേന പുലർച്ചെ അഞ്ചുമുതൽ ശരാശരി 10 കിലോമീറ്റർ ദൂരം ഓടുന്ന ഇരുവരും ഞായറാഴ്ചകളിൽ 20 കിലോമീറ്റർവരെ ഓടുമായിരുന്നു.
പൊക്കുന്നിലെ പരേതരായ കിഴക്കേടത്തു മാധവൻ നായരുടെയും കല്യാണി അമ്മയുടെയും മകനാണ് നളിനാക്ഷൻ. സിറ്റി പോലീസ് കമ്മിഷണർ ഓഫീസിൽനിന്ന് വിരമിച്ച കടപ്പറമ്പിൽ മാധവൻ നായരുടെയും കൊട്ടംപിലാക്കൽ ലക്ഷ്മിക്കുട്ടി അമ്മയുടെയും മകളാണ് ഭാര്യ അജയ. മൂത്ത മകൻ അമിത് ഇന്ത്യൻ റെയിൽവേയിലെ അസിസ്റ്റന്റ് ലോക്കോ പൈലറ്റാണ്. മരുമകൾ നിമ്മി റെയിൽവേ ഉദ്യോഗസ്ഥയാണ്. രണ്ടാമത്തെ മകൻ രജത് കൊച്ചി ബോൾഗാട്ടിയിലെ ഹോട്ടൽ ‘ഗ്രാൻഡ് ഹയാത്തി’ൽ ഉദ്യോഗസ്ഥനാണ്.
കൊച്ചിയിൽനിന്ന് ഓടിയെത്തിയ സംഘത്തിന് തിരിച്ചിലങ്ങാടി ‘സഹിതം റെസിഡന്റ്സ് അസോസിയേഷൻ’ ഉപഹാരം നൽകി അനുമോദിച്ചു.
പ്രസിഡന്റ് നീക്കാം പറമ്പത്ത് രത്നാകരൻ, രാമനാട്ടുകര നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. എം. യമുന, കൗൺസിലർ ഡോ. ചന്ദ്രിക എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..