കോഴിക്കോട്: രണ്ടാം ഗേറ്റില്‍വെച്ചാണ് ആ ബൈക്ക് എന്റെയടുത്ത് വന്നുനിന്നത്. എന്താ റേറ്റ്? ഒറ്റ ചോദ്യം, അതില്‍ ഞാന്‍ തണുത്തുറഞ്ഞു. ആ ഒരു നിമിഷത്തില്‍നിന്ന് മോചിതയായപ്പോള്‍ ഞാന്‍ അയാളെ അമര്‍ത്തിയൊന്നു നോക്കി. അയാള്‍ ബൈക്ക് പെട്ടെന്ന് ഓടിച്ചുപോയി. പത്തര- പതിനൊന്ന് മണിയാവുന്നേ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍; രാത്രിയല്ല, പട്ടാപ്പകല്‍.

എന്നിലെ പെണ്ണിനുനേരെ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഉയര്‍ന്ന മൂന്നാമത്തെ അതിക്രമമായിരുന്നു അത്. ശരീരത്തിന് വിലപേശുന്നത് അതിക്രമമല്ലാതെ മറ്റെന്താണ്. അതിന് തൊട്ടുമുമ്പ് പാളയത്തുനിന്ന് ചെമ്പൂട്ടി തെരുവഴി രണ്ടാംഗേറ്റ് വരെയുള്ള റോഡില്‍ രണ്ടുതവണയാണ് ഈ രീതിയില്‍ ചോദ്യമുയര്‍ന്നത്. ഒപ്പം അശ്ലീലച്ചുവയുള്ള നോട്ടങ്ങളും കമന്റുകളും.

കൊച്ചിയില്‍നിന്നും ജോലി ആവശ്യാര്‍ഥം കഴിഞ്ഞദിവസമാണ് ഞാന്‍ കോഴിക്കോട്ടെത്തിയത്. മഴയും ഭക്ഷണവും കോഴിക്കോടിന്റെ ആതിഥേയ മര്യാദയും ആസ്വദിക്കുകകൂടി എന്റെ ലക്ഷ്യമായിരുന്നു. പക്ഷേ, സ്വന്തം നാട്ടില്‍ എന്റെ ആളുകള്‍ എന്റെ ഇറച്ചിക്ക് പട്ടാപ്പകല്‍ വിലയിടാനൊരുങ്ങുന്നു.

മോട്ടോര്‍വാഹന പണിമുടക്കായതിനാല്‍ താമസസ്ഥലത്തുനിന്ന് നടന്നാണ് രണ്ടാം ഗേറ്റിന് സമീപമുള്ള ഓഫീസിലേക്ക് വന്നത്. വഴിയില്‍ അധികമാരും ഉണ്ടായിരുന്നില്ല. കോഴിക്കോട്ടുകാരിയല്ലാത്തതിനാല്‍ ഗൂഗിളിനെ ആശ്രയിച്ചാണ് നടന്നത്. അതും പരമാവധി, പോലീസുള്ള വഴി തിരഞ്ഞെടുത്തു.

ചെമ്പൂട്ടി തെരുവില്‍ നിറയെ വൈദ്യുതക്കമ്പി മാറ്റുന്നതിന്റെ പണി നടക്കുന്നുണ്ട്. അതിനിടയിലൂടെ നടക്കുമ്പോഴാണ് ഒരാള്‍ ബൈക്കിലെത്തിയത്. പോരുന്നോ എന്ന ചോദ്യം അവസാനിച്ചപ്പോള്‍ എന്റെ സിരകളില്‍ ഭയം ഇരച്ചുകയറി. ഒന്നും പ്രതികരിക്കാന്‍ പറ്റിയില്ല. അവിടെനിന്ന് പത്തുമീറ്ററേ പിന്നിട്ടുകാണൂ. അതിനിടെ രണ്ടുപേര്‍ ബൈക്കിലെത്തി. എവിടെയെങ്കിലും കൊണ്ടുവിടണോ എന്നായിരുന്നു ചോദ്യം. നല്ല ഉദ്ദേശ്യമല്ലെന്ന് വ്യക്തം. ആദ്യ ഞെട്ടല്‍ മാറും മുമ്പേയായിരുന്നു രണ്ടാമത്തെ അശ്ലീലച്ചോദ്യം.

കുറച്ചുമാറി പോലീസിനെ കണ്ടപ്പോള്‍ എനിക്ക് ധൈര്യം വന്നു. അവരെയും കടന്ന് ഒരുവിധം രണ്ടാംഗേറ്റിലെത്തിയപ്പോഴാണ് വിലപേശാന്‍ മൂന്നാമന്‍ വന്നത്. പെണ്ണെന്നതിലുപരി ഞാനൊരു മനുഷ്യജീവിയല്ലേ... ഓഫീസിലെത്തി 20 മിനിറ്റ് കഴിഞ്ഞു, ഞാന്‍ ഒന്ന് നോര്‍മലാവാന്‍.

പ്രതികരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ഒരു നിമിഷത്തെ മരവിപ്പില്‍ എന്റെ ധൈര്യം ചോര്‍ന്നതാണോ. കോഴിക്കോടായതിനാല്‍ അവര്‍ കടന്നാക്രമിക്കില്ലെന്ന് എനിക്കറിയാമായിരുന്നു.

സാധാരണ പറയാറുണ്ട്, അവളുടെ നടപ്പിന്റെ വസ്ത്രത്തിന്റെ പ്രശ്നമാണ് അക്രമത്തിന് കാരണമെന്ന്. അതിനോട് ഞാന്‍ യോജിക്കുന്നില്ല, എങ്കിലും പറയട്ടെ, ഞാന്‍ ധരിച്ചത് കാല്‍വരെ മൂടുന്ന വസ്ത്രമായിരുന്നു. എന്തുകണ്ടിട്ടാണ് അവര്‍ എന്റെ നേരെ തിരിഞ്ഞത്. അറിയില്ലെനിക്ക്. പക്ഷേ, അതൊരു യാഥാര്‍ഥ്യമാണ്. ഒരു പെണ്ണ് വഴിയിലിറങ്ങുമ്പോള്‍ ഒരുപാട് കണ്ണുകള്‍ പിന്തുടരുന്നുണ്ട്. അതില്‍ പലതും നല്ല കാഴ്ചകളല്ല തേടുന്നത്.

കോഴിക്കോട് സ്നേഹമുള്ളവരുടെ നാടാണെന്നാണ് എന്റെ ഉറച്ച വിശ്വാസം. ആ വിശ്വാസത്തിന് ഇപ്പോഴും കോട്ടമൊന്നും തട്ടിയിട്ടില്ല. സ്‌നേഹമുള്ള ഓട്ടോക്കാര്‍- അങ്ങനെ പലതുമുണ്ട് ഇപ്പോഴും ഈ നാട്ടില്‍. അതുകൊണ്ടാണ് ഞാന്‍ നടന്നുവന്നതും. എന്നാല്‍, എല്ലായിടത്തുമുണ്ടാവാം ഉള്ളില്‍ അശ്ലീലം നിറച്ച് നടക്കുന്ന ചിലര്‍.