Screengrab:Mathrubhumi News
കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയതില്‍ രണ്ട് പോലീസുകാര്‍ക്ക് വീഴ്ച പറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തി. സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്പി അന്വേഷണ റിപ്പോര്‍ട്ട് ഞായറാഴ്ച കമ്മീഷണര്‍ക്ക് സമര്‍പ്പിക്കും.
അതിനിടെ, ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതാകുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത പെണ്‍കുട്ടികളില്‍ ഒരാളായ തന്റെ മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ കളക്ടര്‍ക്ക് അപേക്ഷ നല്‍കി. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയശേഷം പെണ്‍കുട്ടികളെ തിരികെ ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിച്ചിരുന്നു. പിന്നാലെയാണ് തന്റെ മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അമ്മ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടി സുരക്ഷിതയെല്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപേക്ഷ വനിത - ശിശു സംരക്ഷണ ഓഫീസര്‍ക്ക് കൈമാറിയതായി കളക്ടറുടെ ഓഫീസ് അറിയിച്ചു.
അതേസമയം, ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് കേസിലെ പ്രതി ഫെബിന്‍ റാഫി കടന്നുകളഞ്ഞ സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് എ.സി.പി ഇന്ന് അന്വേണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. സ്റ്റേഷനിലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്. പ്രതികളെ വൈദ്യ പരിശോധനകള്‍ക്ക് കൊണ്ടുപോകുന്നതിനും തിരിച്ച് കൊണ്ടുവരുന്നതിനും രണ്ട് പോലീസ് ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇവര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ശനിയാഴ്ച രാത്രി കോടതിയില്‍ ഹാജരാക്കിയ രണ്ട് പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തിങ്കളാഴ്ച പോലീസ് തീരുമാനമെടുക്കും.
Content Highlights: kozhikod children's home case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..