കോഴിക്കോട്: ബലക്ഷയത്തിന്റെ പേരില്‍ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ നിന്ന് ബസ്സുകള്‍ അടിയന്തരമായി മാറ്റണമെന്ന് പറഞ്ഞെങ്കിലും പാട്ടക്കരാര്‍ തിരിമറി ആരോപണം ശക്തമായതോടെ മെല്ലപ്പോക്കിലാണ് അധികൃതര്‍. രണ്ടാഴ്ചയ്ക്കുള്ളില്‍ ബസ്സുകളെ മൊഫ്യൂസല്‍ സ്റ്റാന്‍ഡിലേക്ക് മാറ്റണമെന്ന് പറഞ്ഞ് ഉത്തരവിറക്കിയ ഗതാഗത വകുപ്പ് നാലാഴ്ചയായിട്ടും ഇക്കാര്യത്തെ  കുറിച്ച് ഇപ്പോള്‍ മിണ്ടുന്നേയില്ല. ഇതിനിടെ ബസ്സുകള്‍ക്കൊപ്പം കിയോസ്‌കുകളെ കൂടെ ടെര്‍മിനല്‍ നിന്നും ഓടിക്കാനുള്ള വഴിയായിട്ട് കൂടിയാണ് ബലക്ഷയമെന്ന ഭീതിയുണ്ടാക്കിയതെന്നും ജീവനക്കാര്‍ പറയുന്നു.

ഏറെ മുറവിളികള്‍ക്ക് ശേഷമായിരുന്നു ടെര്‍മിനലില്‍ കിയോസ്‌കുകള്‍ തുടങ്ങാന്‍ കെ.ടി.ഡി.എഫ്.സി സമ്മതിച്ചത്. കോഴിക്കോട്  ജില്ലാ ജയിലിന്റെ നേതൃത്വത്തിലായിരുന്നു ആദ്യം ഇവിടെ യാത്രക്കാര്‍ക്ക് ലഘുഭക്ഷണങ്ങള്‍ നല്‍കുന്ന കിയോസ്‌കുകള്‍ ആരംഭിക്കാന്‍ ഒരുങ്ങിയത്. പക്ഷെ കെ.ടി.ഡി.എഫ്.സി ചില യൂണിയന്‍ നേതാക്കളെ വരുതിയിലാക്കി പ്രതിഷേധമുണ്ടാക്കി അത്  മുടക്കിപ്പിച്ചു. പകരം മറ്റ് രണ്ട് കിയോസ്‌കുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സമ്മര്‍ദ്ദം  മൂലം കെ.ടി.ഡി.എഫ്.സിക്ക് സമ്മതിക്കേണ്ടിയും  വന്നു. ഈ കിയോസ്‌കുകള്‍ക്ക്  ചതുരശ്ര അടിക്ക് 1600 രൂപ തോതിലായിരുന്നു 15 വര്‍ഷ കാലയളവിലേക്ക് വാടക നിശ്ചയിച്ചത്. അതേ സമയം കെട്ടിടം ഇപ്പോള്‍ നടത്തിപ്പിന് ഏറ്റെടുത്തിരിക്കുന്ന ആലിഫ്  ബില്‍ഡേഴ്‌സിന് ചതുരശ്ര അടിക്ക് 13 രൂപയും നിശ്ചയിച്ചു. ലഘുഭക്ഷണ കൗണ്ടറിന്റേതടക്കമുള്ള അഞ്ചു കിയോസ്‌കുകളില്‍ നിന്നായി ഏഴ് ലക്ഷം രൂപ മാസത്തില്‍ കെ.ടി.ഡി.എഫ്.സി പിരിച്ചെടുക്കുമ്പോള്‍ പത്ത്  നിലകള്‍ വീതമുള്ള രണ്ട് ടവറുകളില്‍ നിന്നായി ആലിഫില്‍ നിന്ന് ശാപമോക്ഷത്തിന്റെ പേരില്‍ പിരിച്ചെടുക്കുന്നത് 47 ലക്ഷം രൂപ മാത്രമാണ്.

ആദ്യ ഘട്ടത്തില്‍ 50 കോടി രൂപ അഡ്വാന്‍സും 50 ലക്ഷം രൂപ മാസ വാടകയും നിശ്ചയിച്ച് മാക് എന്ന പേരിലുള്ള കമ്പനി ഉറപ്പിച്ച നടത്തിപ്പ് കരാറാണ് ഇപ്പോള്‍ ഇതേ കമ്പനി പേര് മാറ്റി 17 കോടി രൂപ അഡ്വാന്‍സിനും 43 ലക്ഷം രൂപ മാസ വാടകയ്ക്കും എടുത്തിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിക്ക് ശാപമോക്ഷമെന്ന പേരില്‍ കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടനവും ആഢംഭരത്തിന്റെ പ്രതീകമായിരുന്നു. ഏകദേശം 38 ലക്ഷം രൂപയാണ് ഉദ്ഘാടനത്തിന് മാത്രമായി പൊടിച്ചത്.

അടിമുടി ദുരൂഹത

കോര്‍പ്പറേഷന്റെ പ്രാഥമിക അനുമതി പോലും വാങ്ങാതെയായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലത്ത് 10 നിലകളിലുള്ള ടെര്‍മിനല്‍ പണിതത്. 328460 ചതുരശ്ര അടി കെട്ടിടം ഒരു തരത്തുള്ള സൗകര്യവുമില്ലാത്തത്  കൊണ്ട് വൈദ്യുതി കണക്ഷന്‍ പോലും ലഭിക്കാതെ പൊടിപിടിച്ച് കിടുന്നതും കോഴിക്കോട്ടുകാര്‍ കണ്ടതാണ്. പക്ഷെ  തിരുവനന്തപുരത്തെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ കോര്‍പ്പറേഷനും നിസ്സഹാരായിപ്പോയി. നിയമ ലംഘനങ്ങള്‍ കണ്ടതോടെ 12 കോടി രൂപയോളം പിഴയടക്കാനും കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നു. അതും ചില രാഷ്ട്രീയ നേതാക്കളുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും ഇടപെടല്‍ കൊണ്ട് കോര്‍പ്പറേഷന് വേണ്ടെന്ന് വെക്കേണ്ടി വന്നു. ബലക്ഷയമെന്ന്  പറഞ്ഞ് അടിയന്തരമായി സ്റ്റാന്‍ഡ് മാറ്റണമെന്ന് പറഞ്ഞ ഗതാഗത വകുപ്പ് സെക്കന്‍ഡ് ഒപ്പീനിയന്‍ നോക്കട്ടെ എന്നിട്ടാവാം  സ്റ്റാന്‍ഡ് മാറ്റല്‍ എന്ന നിലപാടിലാണിപ്പോള്‍. ബസ്സുകള്‍ കയറുന്നത് പോലും അപകടമാണ് എന്ന് ആദ്യഘട്ടത്തില്‍ വിലയിരുത്തിയവര്‍ എന്തേയിപ്പോള്‍ പിന്നോട്ട് പോവുന്നുവെന്നതിനും ഉത്തരമില്ല.

കയ്യൊഴിഞ്ഞ് ആര്‍ക്കിടെക്ട്

2009-ല്‍ പണി തുടങ്ങിയ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ ഏറ്റവും വിമര്‍ശിക്കപ്പെട്ടത് ഇതിന്റെ രൂപകല്‍പ്പന തന്നെയായിരുന്നു. ഇടുങ്ങിയ തൂണുകള്‍ക്കിടയിലൂടെ ബസ്സുകള്‍ക്ക്  പരിക്ക് പറ്റാതെയുള്ള  പാര്‍ക്കിംഗ് നടത്തുന്ന ഡ്രൈവര്‍മാര്‍ ഇത് രൂപകല്‍പ്പന ചെയ്ത ആര്‍ക്കിടെക്ടിനെ ശപിക്കാത്ത ദിവസമുണ്ടായിരുന്നില്ല. എന്നാല്‍ വാണിജ്യാവശ്യത്തിന് കൂടുതല്‍ പ്രധാന്യം നല്‍കിയുള്ളതാവണം ഡിസൈന്‍ എന്ന് തനിക്ക് കിട്ടിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ളൊരു രൂപകല്‍പ്പന നടത്തിയതെന്നാണ് ഇതിന്റെ ആര്‍ക്കിടെക്ടായ ആര്‍.കെ രമേശ് പറയുന്നത്. തനിക്ക്  പ്രോജക്ട് മാനേജ്‌മെന്റോ സൂപ്പര്‍വിഷനോ ഉണ്ടായിരുന്നില്ലെന്നും ആര്‍.കെ രമേശ് പറഞ്ഞു. 

താന്‍ സമര്‍പ്പിച്ച ഡിസൈന്‍ കെ.എസ്.ആര്‍.ടി.സി പൂര്‍ണമായും അംഗീകരിക്കുകയും യാതൊരു മാറ്റവും  ആവശ്യപ്പെടാതെ കെ.ടി.ഡി.എഫ്.സിയെ ഏല്‍പ്പിച്ചുവെന്നും പിന്നീട് കെ.എസ്.ആര്‍.ടി.സിയും കെ.ടി.ഡി.എഫ്.സിയും ഡിസൈനിന് അനുമതി നല്‍കിയെന്നും ആര്‍.കെ രമേശ്  ചൂണ്ടിക്കാട്ടി. കെട്ടിടത്തിന്റെ മേല്‍നോട്ടവും നടത്തിപ്പും കെ.ടി.ഡി.എഫ്.സി നേരിട്ടാണ് നടത്തിയതെന്നും അതുകൊണ്ട് ബലക്ഷയം ഉണ്ടായിട്ടുണ്ടെങ്കില്‍ പൂര്‍ണ ഉത്തരവാദി അവര്‍ തന്നെയാണെന്നും ആര്‍.കെ  രമേശ് വ്യക്തമാക്കുന്നു.

Content Highlights: Kozhikkode KSRTC Terminal