പേരാവൂര്‍(കണ്ണൂര്‍) : കൊട്ടിയൂരില്‍ വൈദികന്‍ പീഡിപ്പിച്ച  പതിനാറുകാരി പ്രസവിച്ച സംഭവത്തിലെ പ്രതികളായ രണ്ട് കന്യാസ്ത്രീകള്‍ കൂടി കീഴടങ്ങി. ആറാം പ്രതി  വയനാട് തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ , ഏഴാം പ്രതി ഇരിട്ടി കല്ലു മുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ എന്നിവരാണ് ഇന്ന് രാവിലെ പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍. സുനില്‍ കുമാര്‍ മുമ്പാകെ കീഴടങ്ങിയത്.

നവജാത ശിശുവിനെ ആസ്പത്രിയില്‍ നിന്ന് അനാഥാലയത്തിലേക്ക്  കടത്താന്‍ മുഖ്യ പ്രതിയെ സഹായിച്ചുവെന്നതും തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.കേസിലെ രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനിയുടെ മകളാണ് സിസ്റ്റര്‍ ലിസ്മരിയ. ഒന്നാം പ്രതി ഫാ.റോബിന്‍ വടക്കുംചേരി റിമാന്‍ഡിലാണ്.

രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി, മൂന്ന് മുതല്‍ അഞ്ച് വരെ പ്രതികളായ കൂത്തുപറമ്പ് ക്രിസ്തുരാജ ആസ്പത്രിയിലെ ഡോ. സിസ്റ്റര്‍ ടെസ്സി ജോസ്, ഡോ. ഹൈദരാലി, സിസ്റ്റര്‍ ആന്‍സി മാത്യു, എട്ട് മുതല്‍ പത്ത് വരെ പ്രതികളായ വയനാട് ജില്ലാ ശിശു ക്ഷേമസമിതി മുന്‍ അധ്യക്ഷന്‍ ഫാദര്‍ തോമസ് ജോസഫ് തേരകം, സമിതി അംഗം ഡോ. സിസ്റ്റര്‍ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ എന്നിവര്‍ പോലീസില്‍ കീഴടങ്ങി ജാമ്യം നേടിയിരുന്നു.