പേരാവൂര്‍(കണ്ണൂര്‍): കൊട്ടിയൂര്‍ പീഡനക്കേസില്‍ ജാമ്യാപേക്ഷ നല്കിയ മൂന്ന് പ്രതികളോട് അന്വേഷണസംഘം മുന്‍പാകെ കീഴടങ്ങാന്‍ നിര്‍ദ്ദേശം. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. 

മൂന്നാം പ്രതി ഡോ.സിസ്റ്റര്‍ ടെസ്സി ജോസ്, നാലാം പ്രതി ഡോ.ഹൈദരാലി, അഞ്ചാം പ്രതി സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണ് അന്വേഷണോദ്യോഗസ്ഥനായ പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.സുനില്‍ കുമാര്‍ മുമ്പാകെ അഞ്ചു ദിവസത്തിനകം കീഴടങ്ങേണ്ടത്. 

പ്രതികളുടെ അറസ്റ്റ് അന്നു തന്നെ രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കണം. തുടര്‍ന്ന് ഉപാധികളോടെ ജാമ്യം നല്‍കും. കണ്ണൂര്‍ ജില്ല വിട്ട് പോകുന്നതിന് അന്വേഷണ്‍ ഉദ്യോഗസ്ഥന്റെ അനുമതി വാങ്ങണമെന്നും കോടതി നിര്‍ദ്ദേശത്തിലുണ്ട്.

കേസിലെ ഏഴും എട്ടും പ്രതികളായ സിസ്റ്റര്‍ ലിസ് മരിയ,സിസ്റ്റര്‍ അനീറ്റ എന്നിവര്‍ ഹൈക്കോടതിയില്‍ നല്കിയ ജാമ്യഹര്‍ജിയില്‍ ബുധനാഴ്ച വാദം കേള്‍ക്കും.നാലു പ്രതികള്‍ കഴിഞ്ഞ ദിവസം പോലീസില്‍ കീഴടങ്ങി ജാമ്യം നേടിയിരുന്നു.