മൂലമറ്റം ആശ്രാമം ചേറാടിയിലുണ്ടായ ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന വീട് ചൂണ്ടിക്കാട്ടുന്ന പ്രദേശവാസി. ഇവിടെ താമസിച്ചവരെ മാറ്റിപ്പാർപ്പിച്ചിരുന്നു | ഫോട്ടോ: ശ്രീജിത്ത് പി. രാജ്
കോട്ടയം: ജില്ലയുടെ കിഴക്കന്‍ മലയോരപ്രദേശമായ പ്ലാപ്പള്ളിയില്‍ ശനിയാഴ്ച രാവിലെ 8.30 മുതല്‍ 11.30 വരെ ചെറുതും വലുതുമായ ഇരുപതോളം ഉരുള്‍പൊട്ടലുണ്ടായി. കാഞ്ഞിരപ്പള്ളി താലൂക്കില്‍ കൂട്ടിക്കല്‍ പഞ്ചായത്തിലെ മൂന്നാംവാര്‍ഡാണ് പ്ലാപ്പള്ളി. ഗ്രാമത്തിന്റെ ഒരുഭാഗം പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലാണ്.
പ്ലാപ്പള്ളിയില്‍ 130-ഓളം കുടുംബങ്ങളാണുള്ളത്. ഗ്രാമത്തിന്റെ കേന്ദ്രമായി കരുതുന്ന കടയ്ക്കല്‍ ജങ്ഷനിലാണ് വലിയ ഉരുള്‍പൊട്ടലുണ്ടായത്. ഇവിടെ ഒരു ചായക്കടയും ഒരു പലചരക്കുകടയും ഒരു കപ്പേളയുമാണുള്ളത്.
ഉരുള്‍പൊട്ടലില്‍പ്പെട്ട പ്രദേശത്തിന്റെ താഴ്ഭാഗം താളുങ്കലാണ്. ഇവിടെയാണ് മൃതദേഹങ്ങള്‍ക്കുവേണ്ടി തിരച്ചില്‍ നടക്കുന്നത്. ശമനമില്ലാത്ത മഴയും മഞ്ഞും രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി.
പ്ലാപ്പള്ളി നിവാസികള്‍ നിത്യോപയോഗസാധനങ്ങള്‍ വാങ്ങാനുംമറ്റും ആശ്രയിക്കുന്നത് ഏന്തയാര്‍, കൂട്ടിക്കല്‍ ടൗണുകളെയാണ്. ഇവിടേക്കുള്ള റോഡുകള്‍ തകര്‍ന്നു. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തുനിന്ന് അരക്കിലോമീറ്റര്‍ അകലെയായി ഒരു സര്‍ക്കാര്‍ സ്‌കൂളുണ്ട്. ഇവിടെ ദുരിതാശ്വാസക്യാമ്പ് തുറന്നിട്ടുണ്ട്.
പ്ലാപ്പള്ളിഗ്രാമം രണ്ടുമലനിരകളായി സ്ഥിതിചെയ്യുന്ന ഇടമാണ്. സംഭവം നടക്കുന്ന സമയത്ത് പലരും വീട്ടില്‍നിന്ന് പുറത്തായിരുന്നു. തിരിച്ചെത്താനാകാതെ ഇവര്‍ ബുദ്ധിമുട്ടി. പ്ലാപ്പള്ളിയില്‍നിന്ന് പൂഞ്ഞാറിലേക്കുപോകാനും പാതയുണ്ട്. ചോലത്തടം കൂടിയുള്ള ഈ ഭാഗത്തും ഒട്ടേറെ മണ്ണിടിച്ചിലുകള്‍മൂലം റോഡ് ഗതാഗതം തടസ്സപ്പെട്ടു. പ്ലാപ്പള്ളിയിലേക്ക് മുമ്പ് ഒരു ബസ് സര്‍വീസ് ഉണ്ടായിരുന്നു. ഇപ്പോള്‍ അതും നിലച്ചിരിക്കയാണ്.
കടയിലേക്ക് ഒഴുകിവന്ന മഴവെള്ളം മാറ്റുന്നതിനിടെയാണ് സരസമ്മയും റോഷ്നിയും അപകടത്തില്‍പ്പെട്ടത്.
പന്തലാട്ടില്‍ മോഹനനും ഭാര്യ സരസമ്മയും ചേര്‍ന്നാണ് ചായക്കട നടത്തിയിരുന്നത്. സുഹൃത്തും സമീപവാസിയുമായ റോഷ്നി സരസമ്മയെ സഹായിക്കാനെത്തിയതായിരുന്നു.
അപകടം നടക്കുന്ന സമയം റോഷ്നിയുടെ ഭര്‍ത്താവ് വേണു സമീപത്തുണ്ടായിരുന്നു. ഉരുള്‍ വരുന്നതുകണ്ട് വേണു ഉറക്കെ വിളിച്ചുപറഞ്ഞു, ഓടിമാറാന്‍. ഇതിനിടെ, അപകടം നടന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അപകടംനടന്ന സ്ഥലത്തെ പത്തുകുടുംബങ്ങളെ പത്തേക്കര്‍ എന്ന സ്ഥലത്തെ സുരക്ഷിതസ്ഥാനത്തേക്കുമാറ്റി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..