കോട്ടയം: കോട്ടയം തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ് കടിച്ചു. പാമ്പിനെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറാൻ സഹായിക്കുന്നതിനിടെയാണ് കടിയേറ്റത്. പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജിനാണ് പെരുമ്പാമ്പിന്റെ കടിയേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

നെടുംചേരി പ്രദേശത്ത് പെരുമ്പാമ്പിനെ കണ്ടതിനെ തുടർന്ന് പ്രദേശവാസികൾ പ്രസിഡന്റിനെ അറിയിച്ചു. തുടര്‍ന്ന് സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് സംഭവ സ്ഥലത്തേക്ക് പോകുകയും പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുകയുമായിരുന്നു. പിടികൂടി ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ പ്രസിഡന്റിന്റെ രണ്ട് കൈകളിലും പാമ്പ് കടിക്കുകയായിരുന്നു.

തുടർന്ന് രക്തസ്രാവം നിലക്കാത്തതിനെ തുടർന്ന് ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേ സമയം ആശുപത്രിയിലെത്തിയുള്ള കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയതിനാൽ അദ്ദേഹത്തെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

Content Highlights:Kottayam thidanad panchayath president snake bite