അമൽ (ഇൻസൈറ്റിൽ) , അമലിനെ കാണാതായ മേത്താപ്പറമ്പിൽ അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീമും നാട്ടുകാരും തിരച്ചിൽ നടത്തിയപ്പോൾ
മണര്‍കാട്: തോരാത്ത മഴയില്‍ കുട്ടിക്കാലംമുതല്‍ ഓടിക്കളിച്ച സ്വന്തം പുരയിടത്തിലെ സ്ഥലപരിചയവും അപകടഘട്ടത്തില്‍ അമലിന് തുണയായില്ല. വെള്ളത്തിന്റെ അടിയൊഴുക്കില്‍ ആ കുരുന്നുജീവനും ഒഴുകിപ്പോയി, നാടിനും വീടിനും നൊമ്പരമായി ഇനി ഒരിക്കലും തിരിച്ചുവരാനാകാത്ത അവസാനയാത്ര...
മണര്‍കാട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപക ദമ്പതിമാരായ മണര്‍കാട് മാലം പണ്ടാരത്തിക്കുന്നേല്‍ ബെന്നിയുടെയും, വിനുവിന്റെയും മൂത്തമകനാണ് ബുധനാഴ്ച ഒഴുക്കില്‍പ്പെട്ട് മരിച്ച അമല്‍. പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് മഴവെള്ളപ്പാച്ചിലിന്റെ രൂപത്തില്‍ അപകടം അമലിനെ തട്ടിയെടുത്തത്.
ചെറുപ്പംമുതല്‍ ഓടിക്കളിച്ച സ്വന്തം പുരയിടത്തിലെ റബ്ബര്‍ തോട്ടത്തില്‍ കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെയാണ് ദാരുണസംഭവം. സ്കൂള്‍ സംബന്ധിച്ച ആവശ്യത്തിനായി പുറപ്പെട്ട അച്ഛന് ബെന്നി യാത്രാമധ്യേയാണ് അപകടവിവരം അറിയുന്നത്.
ഉച്ചയ്ക്ക്ശേഷം രണ്ട് മണിയോടെയാണ് കൂട്ടുകാരായ കുട്ടികള്‍ റബ്ബര്‍ തോട്ടത്തിലെ വെള്ളത്തില്‍ കളിക്കാനെത്തിയത്. ഇവിടെ പുരയിടത്തിലെ വെള്ളവും തൊട്ടുചേര്‍ന്ന പാടത്തെ വെള്ളവും ഒരേനിരപ്പില്‍ ഉയര്ന്നുപൊങ്ങിക്കിടന്നിരുന്നു. സമീപമുള്ള മേത്താപറമ്പ് തോട്ടില്‍ ശക്തമായ വെള്ളമൊഴുക്കുമുണ്ടായിരുന്നു.
കളിക്കുന്നതിനിടെ അമല്‍ കാല്‍വഴുതി ഒഴുക്കില്‍പ്പെട്ടു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ ആദ്യം അമലിനെ പിടിച്ചുനിര്‍ത്തിയെങ്കിലും വീണ്ടും ഒഴുക്കില്‍പ്പെടുകയായിരുന്നു.
പാമ്പാടി അഗ്നിരക്ഷായൂണിറ്റിലെ സ്കൂബാ ടീം അംഗം ഹനീഷ് ലാല്‍ ആണ് തോട്ടില്‍നിന്ന് മൃതദേഹം മുങ്ങിയെടുത്തത്. ഉയര്‍ന്ന മാര്‍ക്കോടെ ഇത്തവണ പ്ലസ്ടു വിജയിച്ച അമല്‍ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയങ്കരനാണ്. ഒന്നൊഴികെ എല്ലാ വിഷയങ്ങള്‍ക്കും എപ്ളസ് നേടിയിരുന്നു. സ്കൂളിലെ പാഠ്യേതര വിഷയങ്ങളിലും, പള്ളിയിലെ ആധ്യാത്മിക പ്രവര്‍ത്തനങ്ങളിലും ഒരുപോലെ നിറസാന്നിദ്ധ്യമായിരുന്നു. ദുരന്തവാര്‍ത്ത പരന്നതോടെ അപകടമൊന്നും സംഭവിക്കരുതേയെന്ന പ്രാര്‍ത്ഥനയോടെ നിരവധി നാട്ടുകാര്‍ സംഭവസ്ഥലത്തേക്കെത്തി. പക്ഷേ നാട്ടുകാരെ കണ്ണീരിലാഴ്ത്തി അമലിന്റെ ചേതനയറ്റ ശരീരമാണ് കരയ്ക്കെത്തിക്കാനായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..