പ്രതീകാത്മക ചിത്രം
പാലാ: അങ്കണവാടി അനുവദിക്കുന്നതിനെച്ചൊല്ലി ഇരുവിഭാഗം കേരള കോൺഗ്രസുകാരുടെ രാഷ്‌ട്രീയവിവാദം. നഗരസഭ പന്ത്രണ്ടാം വാർഡിൽ അങ്കണവാടിക്ക് കെട്ടിടമുറി അനുവദിക്കാതെ കേരള കോൺഗ്രസ് (എം) രാഷ്ട്രീയം കളിക്കുകയാണെന്ന് ജോസഫ് വിഭാഗം ആരോപിച്ചു. കെട്ടിട സൗകര്യമില്ലാത്തതിനാൽ സ്വകാര്യ വ്യക്തിയുടെ കാർ ഷെഡിലാണ് വാർഡിലെ അങ്കണവാടി പ്രവർത്തിക്കുന്നത്.
ഏഴ് കുട്ടികളാണുള്ളത്. നഗരസഭയുടെ വർക്കിങ് വിമെൻസ് ഹോസ്റ്റൽ നിലവിൽ കരാറുകാരില്ലാതെ അനാഥമായികിടക്കുകയാണ്. പഴയ കരാറുകാരൻ ഒഴിവാകുമ്പോൾ അങ്കണവാടിയുടെ പ്രശ്‌നം അനുഭാവപൂർവം പരിഗണിക്കാമെന്ന് ഭരണനേതൃത്വം ഉറപ്പുനൽകിയെന്ന് ജോസഫ് വിഭാഗം കൗൺസിലറായ ജോസ് ഇടേട്ട് പറയുന്നു. ഈ വിഷയത്തിൽ ശനിയാഴ്ച കൗൺസിൽ ചേരാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ വിഷയത്തിൽ ജോസ് കെ.മാണി നേരിട്ട് ഇടപെട്ട് കൗൺസിൽ യോഗം മാറ്റിവെയ്പിച്ചെന്ന് ജോസ് ഇടേട്ടും ജോസഫ് വിഭാഗവും ആരോപിച്ചു. അങ്കണവാടിക്ക് സ്ഥലം അനുവദിക്കണമെങ്കിൽ തങ്ങളുടെ കൂടെ ചേരണമെന്ന് കേരള കോൺഗ്രസ് (എം) നേതൃത്വം ആവശ്യപ്പെട്ടുവെന്ന് ജോസ് ഇടേട്ട് പറയുന്നു. ഇതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ 10 മുതൽ കൊട്ടാരമറ്റത്തെ കെ.എം. മാണി പ്രതിമയ്ക്ക് മുമ്പിൽ ഏകദിന ഉപവാസസമരം സംഘടിപ്പിക്കുമെന്നും ജോസ് ഇടേട്ട് പറഞ്ഞു.
എന്നാൽ, ആരോപണത്തിന് പിന്നിൽ ജോസ് കെ.മാണിയെ അപമാനിക്കുകയാണ് ലക്ഷ്യമെന്ന് കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി ആരോപിച്ചു. കേരളത്തിലെ എൽ.ഡി.എഫിന്റെ പ്രമുഖ നേതാവും എം.പിയുമായ ജോസ് കെ.മാണിക്ക് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഓരോ അജൻഡയും ചർച്ചചെയ്യാനുള്ള സമയവും ആവശ്യവും ഇല്ല.
വനിതാ അധ്യക്ഷ ഭരിക്കുന്ന പാലാ നഗരസഭയിൽ വർക്കിങ് വിമെൻസ് ഹോസ്റ്റൽ ആവശ്യമാണ്. പതിറ്റാണ്ടുകളോളം പ്രവർത്തിച്ചുവന്നിരുന്ന ഒരു വർക്കിങ് വിമെൻസ് ഹോസ്റ്റൽ നശിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ ഉപവാസം. ജോസഫ് വിഭാഗം അംഗത്തിന്റെ വാർഡിൽ വെൽനസ് സെന്റർ അനുവദിച്ചിരുന്നതായും ഭരണപക്ഷം പറയുന്നു.
Content Highlights: kottayam pala kerala congress m vs kerala congress joseph row over anganwadi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..