കോട്ടയം: വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് സംഘത്തിലെ രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടങ്ങി. പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ തിങ്കളാഴ്ചയാണ് ഉച്ചയോടെയാണ് അപകടമുണ്ടായത്.  തലയോലപ്പറമ്പിലെ മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ സജി, തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ബിപിന്‍ എന്നിവരെയാണ് കാണാതായത്. രാവിലെ എഴരയ്ക്ക് തിരച്ചിലിനായി നാവികസേനയുടെ പ്രത്യേക സംഘം എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

നിലവില്‍ നാവികസേനാ സംഘം വൈക്കത്ത് എത്തിയെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. അതേസമയം 
ഏതെങ്കിലുമൊരു തുരുത്തില്‍ അവര്‍ രക്ഷപ്പെട്ടിട്ടുണ്ടാകാമെന്ന പ്രതീക്ഷയിലാണ് തിരച്ചില്‍ സംഘം. ശക്തമായ അടിയൊഴുക്കുള്ള സ്ഥലമാണ് ഇവിടെ. അതിനോടൊപ്പം തന്നെ നല്ല മഴയും തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. 

കാണാതായവര്‍ക്ക് വേണ്ടി പ്രദേശവാസികളുടെ അടക്കം സഹായത്തോടെ രാത്രി എഴരവരെ തിരച്ചില്‍ നടത്തിയിരുന്നു. അതേസമയം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരനും, തിരുവല്ല യൂണിറ്റിലെ ക്യാമറാമാന്‍ അഭിലാഷ് നായര്‍ എന്നിവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

കോട്ടയം കടുത്തുരുത്തിക്കടുത്ത് മുണ്ടാര്‍ പ്രദേശത്തെ മുന്നൂറിലധികം കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയിരുന്നു. ഇവരുടെ ദുരിതം റിപ്പോര്‍ട്ട് ചെയ്ച് മടങ്ങുന്നതിനിടെയാണ് കല്ലറക്കടുത്ത് കരിയാറില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞത്. മൂവാറ്റുപുഴയാറിന്റെ കൈവഴികളിലൊന്നാണ് കരിയാര്‍. ഇത് ഒഴുകിയെത്തുന്നത് വേമ്പനാട്ടുകായലിലേക്കാണ്.