പാറമടക്കുളത്തിലേക്ക് മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയപ്പോൾ | ഫോട്ടോ: ജി.ശിവപ്രസാദ്/മാതൃഭൂമി
കോട്ടയം: മറിയപ്പള്ളിയില്‍ ടിപ്പര്‍ ലോറി പാറമടക്കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെടുത്തു. തിരുവനന്തപുരം കരുമാനൂര്‍ പാറശാല സ്വദേശി അജികുമാറിന്റെ മൃതദേഹമാണ് ലോറിയുടെ കാബിനില്‍നിന്ന് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാറമടക്കുളത്തില്നിന്ന് ടിപ്പര്‍ ലോറി ഉയര്‍ത്താനായത്. പിന്നാലെ ലോറിയുടെ കാബിനിനുള്ളില് അജികുമാറിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ലോറിയുടെ കാബിന് വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
വെള്ളിയാഴ്ച രാത്രിയാണ് വളം കയറ്റിവന്ന ലോറി പാറമടക്കുളത്തിലേക്ക് മറിഞ്ഞത്. ലോറിക്കുള്ളില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. രാത്രി വൈകും വരെ ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഡ്രൈവര്‍ക്കായി സ്കൂബാ ടീം അടക്കം തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് 20 മണിക്കൂറുകള്‍ക്ക് ശേഷം ശനിയാഴ്ച വൈകിട്ടോടെയാണ് ക്രെയിന്‍ ഉപയോഗിച്ച് ലോറി കുളത്തില്‍നിന്ന് ഉയര്‍ത്താനായത്.
പാറമടക്കുളത്തിന് സമീപത്തെ കടയില്‍നിന്ന് കൊതുകുതിരി വാങ്ങി ലോറിക്കുള്ളിലേക്ക് കയറിയ ഡ്രൈവര്‍ ലോറി മുന്നോട്ടെടുക്കുന്നതിനിടയില്‍ തിട്ടയില്‍ തട്ടി പാറമടക്കുളത്തിന്റെ ആഴങ്ങളിലേക്ക് മറിയുകയായിരുന്നു. അപകടം കണ്ടുനിന്ന നാട്ടുകാരാണ് വിവരം പോലീസിലും അഗ്നിരക്ഷാസേനയിലും അറിയിച്ചത്.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് തിരുവനന്തപുരം സ്വദേശിയായ അജി മറിയപ്പള്ളി മുട്ടത്തെ കൊഴുവത്തറ ഏജന്‍സീസ് എന്ന വളം ഡിപ്പോയിലെത്തിയത്. പൊട്ടാഷ്, യൂറിയ, ഫാക്ടംഫോസ് എന്നിവയടക്കം 10 ടണ്‍ വളമാണ് കയറ്റിയതെന്ന് വളം ഡിപ്പോ ഉടമ എം.ആര്. രാജേന്ദ്രക്കുറുപ്പ് പറഞ്ഞു.
മാലിന്യങ്ങള്‍ നിറഞ്ഞുകിടക്കുന്ന പാറമടയാണിത്. പ്രദേശമാകെ ഇരുട്ടില്‍ മുങ്ങിയിരിക്കുകയായിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. പാറക്കുളത്തിന് സംരക്ഷണഭിത്തി ഇല്ലാത്തതും റോഡിന്റെ വീതി കുറവും അപകടത്തിന്റെ ആക്കം കൂട്ടി. അറുപതടിയിലേറെ ആഴമുള്ള പാറമടയാണിതെന്ന് സമീപവാസികള്‍ പറയുന്നു.
Content Highlights: kottayam mariyappally tipper lorry accident
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..