കോട്ടയം: യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള മണര്‍കാട് സെന്‍റ് മേരീസ് പള്ളി ഏറ്റെടുക്കാന്‍ ഉത്തരവ്. ജില്ലാഭരണകൂടം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കണമെന്നാണ് കോട്ടയം സബ് കോടതിയുടെ ഉത്തരവ്. പൊതുസഭ വിളിച്ചുകൂട്ടി പുതിയ ഭരണകമ്മിറ്റി രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിക്കുന്നു. 

യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളെല്ലാം 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും ഇതിനുള്ള അവകാശം ഓര്‍ത്തഡോക്‌സ് സഭയ്ക്കുമാണെന്ന സുപ്രീം കോടതി ഉത്തരവ് നേരത്തെ തന്നെ വന്നിരുന്നു. ഇതനുസരിച്ച് പള്ളികള്‍ ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. 

യാക്കോബായ വിഭാഗത്തിന് വളരെ പ്രധാനപ്പെട്ട പള്ളിയാണ് മണര്‍കാട് പള്ളി. അതേസമയം, കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്ന് യാക്കോബായ സഭ അറിയിച്ചു. 

യാക്കോബായ വിഭാഗത്തിന് വളരെ പ്രധാനപ്പെട്ട പള്ളിയാണ് മണര്‍കാട് പള്ളി. ആ പള്ളിക്ക് കീഴില്‍ ഏകദേശം രണ്ടായിരത്തോളം ഇടവകക്കാരാണുള്ളത്. ആഗോളതലത്തില്‍ പ്രശസ്തിയാര്‍ജിച്ച മരിയന്‍ തീര്‍ഥാടന കേന്ദ്രം കൂടിയായ മണര്‍കാട് പള്ളിയില്‍ നാനാജാതി മതസ്ഥായ വിശ്വാസികള്‍ എത്താറുണ്ട്. 

കോടതി വിധിയിലൂടെ വര്‍ഷങ്ങളായി സഭയിലുണ്ടായ തര്‍ക്കത്തിന് പരിഹാരമായതായി ഓര്‍ത്തഡോക്‌സ് സഭാവൈദികനായ പികെ കുര്യാക്കോസ് കോടതി വിധിയോട് പ്രതികരിച്ചു. പള്ളി ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗമാണെന്നും സഭാഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്നും അധികാരം കൈമാറണമെന്നും വിധി വന്നിരിക്കുന്നു. സഭയില്‍ ശാശ്വതമായ സമാധാനം ഉണ്ടാവും.  ഇടവകാംഗങ്ങളെ തരംതിരിക്കുന്ന രീതി മാറുകയും എല്ലാ വിശ്വാസികള്‍ക്കും പള്ളി കമ്മിറ്റിയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. വിധി സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം കോടതി വിധി നിര്‍ഭാഗ്യകരമായിപ്പോയെന്ന് യാക്കോബായ സഭ വൈദിക ട്രസ്റ്റി സ്ലീബാ വട്ടവേലില്‍ പ്രതികരിച്ചു.  യാക്കോബായ സഭയുടെ കൈവശമിരിക്കുന്ന പള്ളിയാണ്. മറുവിഭാഗക്കാര്‍ ഒരാളുപോലുമില്ല. മാര്‍ത്തോമസഭയ്ക്ക് കോടതി വിധിയിലൂടെ കിട്ടിയ പള്ളിയാണ് മണര്‍കാട് പള്ളി. എന്നാല്‍ ഇവിടെ യാക്കോബായക്കാരാണ് കൂടുതലുള്ളതെന്ന് മനസ്സിലായതിനെ തുടര്‍ന്ന് സഭയ്ക്ക് തന്നെ തിരിച്ചുകൊടുത്ത പാരമ്പര്യമാണ് മണര്‍കാട് പള്ളിക്കുള്ളത്. ഇടവകക്കാരുപോലുമില്ലാത്ത ഓര്‍ത്തഡോക്‌സുകാര്‍ പള്ളിക്ക് അവകാശം കൊണ്ടുവരുന്നത് ശരിയല്ല, നീതിയും ധര്‍മവുമല്ലെന്നും അദ്ദേഹം പറഞ്ഞു. 

എന്താണ് മണര്‍കാട് പള്ളിയുടെ പ്രത്യേകത? നാട്ടുകാര്‍ പറയുന്നു.

Content Highlights:Kottayam manarcad church to take over from jacobite church