കുറവിലങ്ങാട്: ഒരു മാസത്തോളമായി കോഴ ബ്ലോക്ക് ഓഫീസിന് സമീപം കാത്തുകിടന്ന ഭീമന്‍ ട്രാന്‍സ്‌ഫോര്‍മറുകളും വഹിച്ചുകൊണ്ടുള്ള ട്രെയിലറുകള്‍ ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന്‍ നിര്‍മാണം നടക്കുന്ന സ്ഥലത്തിന് സമീപത്തേക്ക് എത്തി. 400 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷനില്‍ സ്ഥാപിക്കാനുള്ള 315 എം.വി.ഐ. ശേഷിയുള്ള രണ്ട് ട്രാന്‍സ്‌ഫോര്‍മറുകളാണ് നിര്‍മാണസ്ഥലത്തേക്ക് എത്തിച്ചത്. മാര്‍ച്ച്‌ 30-ന് ഹൈദരാബാദില്‍നിന്ന് പുറപ്പെട്ട രണ്ട് വലിയ ട്രെയിലര്‍ ലോറികളിലാണ് ട്രാന്‍സ്‌ഫോര്‍മറുകള്‍ എത്തിച്ചത്. മേയ് ആദ്യം കോഴായില് എത്തിയതാണ്.  

നിര്‍മാണസ്ഥലത്ത് കയറ്റാനായില്ല

നിര്‍മാണസ്ഥലത്ത് വെള്ളിയാഴ്ച തന്നെ ട്രെയിലര്‍ എത്തിക്കാനും തൊട്ടടുത്ത ദിവസങ്ങളില്‍തന്നെ വിദഗ്ധ സംഘം എത്തി ഇറക്കി സ്ഥാപിക്കാനുമാണ് നിശ്ചയിച്ചിരുന്നത്. വലിയ ട്രെയിലര്‍ എത്തിക്കുന്നതിനായി സബ് സ്റ്റേഷന് നിര്‍മാണം നടക്കുന്ന സ്ഥലത്തേക്കുള്ള വഴി വീതികൂട്ടി ഒരുക്കങ്ങളും നടത്തിയിരുന്നു. വളവും കയറ്റവും കടന്ന് വേണം നിര്‍മാണസ്ഥലത്ത് എത്താന്‍. ഇവിടെ കടക്കാന്‍ മൂന്ന് പുള്ളര്‍ യന്ത്രങ്ങള്‍ ഘടിപ്പിച്ചുനോക്കി. എന്നാല്‍, വാഹനം നിര്‍മാണസ്ഥലത്തേക്ക് എത്തിക്കാനായില്ല.

മേയ് മാസം 10-നും 15-നും ഇടയിലുള്ള ഒരു ദിവസം നിര്‍ദിഷ്ട സ്ഥലത്തേക്ക് ട്രാന്‍സ്‌ഫോര്‍മറുകള്‍ എത്തിക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍, ലോക്ക്ഡൗണ്‍ കാര്യങ്ങള്‍ വൈകിപ്പിച്ചു. 2022-ലെ റിപ്പബ്ലിക് ദിനത്തില്‍ നാടിന് സമര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മാണം പുരോഗമിച്ചിരുന്നത്.

പരിപാലനച്ചെലവും വൈദ്യുതിതടസ്സസാധ്യതകളും കുറവായ സാങ്കേതികവിദ്യയാണ് ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍(ജി.ഐ.എസ്.). കുറവിലങ്ങാട്, പകലോമറ്റം ഞരളംകുളം ഭാഗത്താണ് കെ.എസ്.ഇ.ബി. സബ്‌സ്റ്റേഷന് നിര്‍മിക്കുന്നത്.

പ്രസരണനഷ്ടം കുറയും സബ് സ്റ്റേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ കൂടംകുളം ആണവ വൈദ്യുതിനിലയത്തില്‍നിന്നുള്ള വൈദ്യുതി മധ്യകേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ലഭ്യമാകും. വൈദ്യുതി പ്രസരണനഷ്ടം കുറയ്ക്കാനും വോള്‍ട്ടേജ് വര്‍ധിപ്പിക്കാനും പുതിയ സബ് സ്റ്റേഷന്‍ വഴിയൊരുക്കും. ഒരു വര്‍ഷത്തിനുള്ളില്‍ സബ് സ്റ്റേഷന് പൂര്‍ത്തിയാകും. പ്രതിവര്‍ഷം 1196.5 ലക്ഷം യൂണിറ്റ് പ്രസരണനഷ്ടം കുറയും. കോട്ടയം ജില്ലയിലെ വോള്‍ട്ടേജ് ഏഴുമുതല്‍ എട്ട് ശതമാനംവരെ വര്‍ധിക്കും.