Photo: Mathrubhumi
കോട്ടയം: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട പാലത്തറ സ്വദേശി രശ്മി രാജിനുണ്ടായത് (33) ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍. കഴിഞ്ഞ 29-ന് കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാം ആണ് രശ്മി കഴിച്ചത്. മെഡിക്കല്‍ കോേളജ് നഴ്സിങ് ഹോസ്റ്റലിലേക്ക് വരുത്തിയാണ് ഭക്ഷണം കഴിച്ചത്. സഹോദരന് വിഷ്ണുരാജിനും ഈ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മറ്റ് 26 പേര്‍ക്കും ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്.
രശ്മി രാജ് ഭക്ഷണം കഴിച്ച് രാത്രി ആയപ്പോള്‍ ഛര്‍ദിയും വയറിളക്കവും ഉണ്ടായി. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ വയറ്റില്‍ അണുബാധയാണെന്ന് സ്ഥിരീകരിച്ചതോടെ ഉടന്‍ ട്രോമ കെയര്‍ തീവ്രപരിചരണ യൂണിറ്റിലേക്ക് മാറ്റി. രോഗാവസ്ഥ ഗുരുതരമാകുകയും അണുബാധ, വൃക്കയും കരളുമടക്കമുള്ള അവയവങ്ങളെ ബാധിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാല്‍, തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മരിച്ചു. അതിനിടെ ഡയാലിസിസിന് വിധേയമാക്കിയെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം മെഡിക്കല്‍ കോേളജ് മോര്‍ച്ചറിയില്‍.
2015-16 വര്‍ഷം മുതലാണ് രശ്മി രാജ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലിക്കെത്തിയത്. ഭര്‍ത്താവ്: തിരുവനന്തപുരം പ്ലാമുട്ടുക്കട തോട്ടത്തുവിളാക്കത്ത് വിനോദ്കുമാര്‍. തിരുവാര്‍പ്പ് പാലത്തറ രാജു-അംബിക ദമ്പതിമാരുടെ മകളാണ്.
സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി റസ്റ്റോറന്റില്‍നിന്ന് രണ്ടുദിവസം മുന്‍പ് ഭക്ഷണം കഴിച്ച ഒട്ടേറെപ്പേര്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റ സാഹചര്യത്തില്‍ നഗരസഭാ അധികൃതര്‍ ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും കട പൂട്ടിക്കുകയും ചെയ്തിരുന്നു.
സംക്രാന്തിയിലെ ഹോട്ടലിൽനിന്ന് മുൻപും ഭക്ഷ്യവിഷബാധ; 26-പേർ ചികിത്സയിൽ
കോട്ടയം: സംക്രാന്തിയിലെ മലപ്പുറം കുഴിമന്തിയിൽ വീണ്ടും ഭക്ഷ്യ വിഷബാധയുണ്ടായതിനെ തുടർന്നാണ് ഒരാളുടെ ജീവൻ പൊലിഞ്ഞിരിക്കുന്നത്. ഡിസംബർ 30-ന് ഇവിടെ നിന്നും ആഹാരം കഴിച്ച 26-പേർ നിരവധി ആശുപത്രിയിൽ ചികിത്സ തേടുന്നതിനിടയിലാണ് ഒരാളുടെ മരണവാർത്ത എത്തുന്നത്.
വയറിളക്കവും ഛർദിയും അടക്കമുള്ള അസ്വസ്ഥതകൾ പിടിപെട്ടാണ് 26-പേരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം അറിയിച്ചതോടെയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടപടിയെടുക്കാൻ തയ്യാറായത്.
തുടക്കത്തിൽ അൽഫാം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് കരുതിയതെങ്കിൽ പിന്നീട് വിവിധതരം ഭക്ഷണം കഴിച്ചവർക്കും വിഷബാധയേറ്റിട്ടുണ്ടെന്ന് ചികിത്സയിൽ കഴിയുന്നവർ പറയുന്നു. ആദ്യം മെഡിക്കൽ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നെന്ന് ആർപ്പൂക്കര കൂലിച്ചിറമാലിയിൽ കെ.ആർ.ഷാജി പറയുന്നു.
കളക്ടർക്കും ഭക്ഷ്യസുരക്ഷാ വകുപ്പിനും പരാതി കൊടുത്തശേഷമാണ് ആ ഹോട്ടലുകൾ പൂട്ടിക്കാൻപോലും അധികൃതർ തയ്യാറായത്. മുന്‍പും ഇതേ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്.അന്നും ഹോട്ടൽ പൂട്ടിച്ചതാണ്. പലപ്പോഴും കുഴിമന്തി, ഷവർമ എന്നീ ഭക്ഷണങ്ങളിൽ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായിട്ടുള്ളത്.
മുടിയൂർക്കരയിലെ സ്വകാര്യ സ്കാൻ സെന്ററിലെ മൂന്ന് ജീവനക്കാർ ഇവിടെനിന്ന് കഴിച്ച ഭക്ഷ്യവിഷബാധ മൂലം ചികിത്സ തേടിയിട്ടുണ്ട്.
ഡിസംബർ 28-ന് സ്കാൻ സെൻററിലെ ആഘോഷത്തിന്റെ ഭാഗമായി സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി എന്ന സ്ഥാപനത്തിൽ നിന്ന് പൊറോട്ടയും കോഴിക്കറിയും വാങ്ങിയിരുന്നു. ഇത് കഴിച്ച സാം ജെ.ഡാനിയേൽ, തോമസ് വർക്കി, ശരത്ത് എസ്. എന്നിവർക്കാണ് വിഷബാധ ഏറ്റത്.
ഇവർ കുമാരനല്ലൂർ കിംസ്, അയ്മനം ഗ്രേയ്സ്, മാവേലിക്കരയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ പലരും ഗുരതരപ്രശ്നങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. പലർക്കും പതിനായിരങ്ങളാണ് ചികിത്സയ്ക്കായി ചെലവ് വന്നിരിക്കുന്നത്.
കൃത്യമായ പരിശോധന വേണം
മുന്‍പും ഇതേ ഹോട്ടലിൽനിന്ന് ഭക്ഷ്യവിഷബാധയുണ്ടായിട്ടുണ്ട്. ആളുകളുടെ ജീവൻവെച്ചുള്ള ഇൗ കളി അനുവദിക്കാൻ പാടില്ല. വല്ലപ്പോഴും ഹോട്ടലുകളിൽ പരിശോധന നടത്തുക എന്നതല്ല കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണം. ഇക്കാര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ച വരാൻ പാടുള്ളതല്ല
-സാബു മാത്യു, നഗരസഭാ കൗൺസിലർ, കോട്ടയം
Content Highlights: kottayam food poison, women death, alfaham, Malappuram Manthi kottayam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..